ന്യൂദല്‍ഹി: അയോധ്യവിധിയില്‍ വസ്തുതകളെക്കാളേറെ വിശ്വാസം പരിഗണിക്കപ്പെട്ടത് അപകടകരമാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ യോഗം. ഇത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രശ്‌നത്തിന് കോടതിയിലൂടെ പരിഹാരമുണ്ടാകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സുപ്രീം കോടതിയില്‍ ഇക്കാര്യത്തിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി.

ജമ്മു കാശ്മീരിലെ സുരക്ഷാസംവിധാനങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകണം. ജനങ്ങളെ വിശ്വസിക്കുന്ന നിലപാടെടുക്കാന്‍ അവിടുത്തെ സര്‍ക്കാരും തയ്യാറാവണം. ഒരു പാര്‍ലമെന്ററി സംഘത്തെയാവണം ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിലെ മാവോയിസ്റ്റ് അതിക്രമം വര്‍ധിക്കുകയാണ്. തൃണമൂല്‍ കോഗ്രസുമായുള്ള മാവോയിസ്റ്റുകളുടെ കൂട്ടുകെട്ടാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ജനങ്ങള്‍ മാവോയിസ്റ്റുകളെ വെറുക്കുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയമായ മധ്യസ്ഥതയാണ് വേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.