ലഖ്‌നൗ: അയോധ്യാവിധിയുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിര്‍മോഹി അഖാര വക്താവ് മഹന്ദ രാംദാസ്.വിധിക്കെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അഖാരക്കും ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും രാംദാസ് വ്യക്തമാക്കി. ഇതോടെ പ്രശ്‌നത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടുണ്ട്.

സെപ്റ്റംബര്‍ 30 ലെ അലബബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിഷയം ഇനിയും കോടതിയിലെത്തിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും ബോര്‍ഡിന്റെ നീക്കമാണ് അഖാരയെ ഇതിന് പ്രേരിപ്പിച്ചതെന്നും മഹന്ദ് രാംദാസ് പറഞ്ഞു.

അഹമ്മദ് അന്‍സാരിയെപ്പോലെയുള്ളവര്‍ പ്രശ്‌നം രമ്യതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചില സ്വാര്‍ത്ഥതാല്‍പ്പര്യക്കാരാണ് വിഷയം സങ്കീര്‍ണമാക്കുന്നതെന്നും രാംദാസ് വ്യക്തമാക്കി.