കൊച്ചി: അയോധ്യ കേസുമായ ബന്ധപ്പെട്ട കോടതി വിധി വിചിത്രമാണെന്ന് പ്രശസ്ത നിയമജ്ഞനും സുപ്രിംകോടതി മുന്‍ ജീഫ് ജസ്റ്റിസുമായ വി ആര്‍ കൃഷ്ണയ്യര്‍.
ബാബരി മസ്ജിദ് ഭൂമിയെ സംബന്ധിച്ച അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി തികച്ചും വിചിത്രമാണ്. ശരിയായ വിധിയല്ലിത്. ഒന്നുകില്‍ ഭൂമി മുസ്‌ലിംകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് നല്‍കണം. രണ്ടുമല്ലാതെ മൂന്ന് ജഡ്ജിമാര്‍ മൂന്ന് കഷണമാക്കി ഭൂമി വീതിച്ചത് ശരിയല്ല. ഈ വിധി വെറും തന്ത്രമാണ്.
ന്യായാധിപന്മാര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അവരിലും വര്‍ഗീയത തീണ്ടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഭൂമി മൂന്ന് കഷ്ണമാക്കിയ നടപടി. രണ്ട് വിഭാഗങ്ങള്‍ തമ്മിലെ വസ്തു തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഹൈക്കോടതി 62 വര്‍ഷം കാത്തിരുന്നത് ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയില്ല.
ഇതിനുവേണ്ടി സുപ്രിംകോടതി സമയം ചെലവഴിച്ചതും ന്യായീകരിക്കാനാവില്ല. വൈകിയ വേളയില്‍ സുപ്രിംകോടതി ഇടപെട്ട് വിധി എപ്പോള്‍ എങ്ങനെ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതാണോ ഒരു സുപ്രിംകോടതിയുടെ ഉത്തരവാദിത്തം. ഹൈക്കോടതി എന്നത് ഉത്തരവാദിത്തബോധമുള്ള ന്യായാധിപന്മാരുടെ വേദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.