എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ ‘ആയിരത്തില്‍ ഒരുവന്‍’ വീണ്ടും തിയേറ്ററില്‍: ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Thursday 13th March 2014 1:36pm

ayirathil-oruvan

കോയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പഴയ കാല സിനിമ വീണ്ടും പ്രദര്‍ശനത്തിന്. ജയലളിതയും എം.ജി.ആറും ഒരുമിച്ചഭിനയിച്ച് 1965ല്‍ പുറത്തിറങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇപ്പോള്‍ വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജയലളിതയുടെ സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് സമിതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കാനാവില്ലെന്ന് സമിതി അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം നീക്കം ചെയ്യുമെന്ന് സമിതി അറിയിച്ചു.

എ.ഐ.എ.ഡി.എം.കെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.ജി.ആറും ജയലളിതയും തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള ഒരു ജോഡിയാണ്. ‘ആയിരത്തില്‍ ഒരുവനും’ ഇവിടെ ചരിത്രം കണ്ട ഹിറ്റ് സിനിമയായിരുന്നു.

വീണ്ടും ചിത്രം തിയേറ്ററിലെത്തുന്നതോടെ ജയലളിതയ്ക്കനുകൂലമായ തരംഗം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സിനിമയുടെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് ‘ഡിജിറ്റല്‍ ആയിരത്തില്‍ ഒരുവന്റെ’ നിര്‍മ്മാതാക്കള്‍ പറയുന്നത്.

ചിത്രം കണ്ടില്ലെങ്കില്‍ പോലും ജയലളിത തന്റെ അഭിനന്ദനം അറിയിച്ചതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മാര്‍ച്ച് 14ന് ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

Advertisement