കാസര്‍ഗോഡ്: എച്ച്.എ.എല്‍ യൂണിറ്റ് കേരളത്തില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി പങ്കുവഹിച്ചുവെന്നും ആന്റണി പറഞ്ഞു.

Ads By Google

കാസര്‍ഗോഡ് എയറോനോട്ടിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളില്‍ വിവാദം ഒഴിവാക്കണമെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ തന്റെ ബ്രഹ്മോസ് പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും കേരളത്തിലെ മൊത്തം വ്യവസായത്തെക്കുറിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ചില പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു എന്നാണ് താന്‍ പറഞ്ഞതെന്നും ആന്റണി വ്യക്തമാക്കി. കേരളത്തിലെ മൊത്തം വ്യവസായത്തെക്കുറിച്ച് പറഞ്ഞില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഇടത് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി യു.ഡി.എഫ് സര്‍ക്കാറും തുടരുകയാണെന്നും എച്ച്.എ.എല്‍ ഫാക്ടറിയുടെ ഉദ്ഘാടനവേദിയില്‍ വെച്ച് കുഞ്ഞാലിക്കുട്ടി ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിന് മറുപടി നല്‍കി. വ്യവസായങ്ങള്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ഈ സര്‍ക്കാറും തുടരുന്നെന്നും നിക്ഷേപകാനുകൂല സാഹചര്യത്തില്‍ കേരളത്തിന് മുന്നില്‍ ഗുജറാത്ത് മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്ന് പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.