ചെന്നൈ: ബാലയുടെ പുതിയ ചിത്രമായ ‘ അവന്‍ ഇവന്‍’ വിവാദത്തില്‍. ചിത്രത്തില്‍ മുസ്‌ലിം ആചാരത്തെ മോശമാക്കി കാണിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ബാലയ്‌ക്കെതിരേ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍)പരാതി നല്‍കിയിട്ടുണ്ട്.

മധുര ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ക്രമസമാധാനം) എന്നിവര്‍ക്കാണു പരാതി നല്‍കിയത്. ചിത്രത്തില്‍ മുസ്‌ലിം ആചാരമായ കുര്‍ബാനിയെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്നാണു പരാതി.

ഐ.എന്‍.എല്‍ സ്‌റ്റേറ്റ് സെക്രട്ടറി സീനി അഹമ്മദാണു കലക്ടര്‍ യു. സഹായത്തിനു പരാതി നല്‍കിയത്. കുര്‍ബാനിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശമാണു സിനിമയിലുള്ളതെന്നും ഇതു ക്രമസമാധാനം തകര്‍ക്കാന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു.

ആക്ഷേപകരമായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നു നീക്കണമെന്നും ബാലയ്ക്കും ടീമിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.