ന്യൂദല്‍ഹി: 2010-11 കാലഘട്ടത്തില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടേയും വാണിജ്യ വാഹനങ്ങളുടേയും കയറ്റുമതിയിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,39,333 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തതെന്ന് ഓട്ടോമൊബൈല്‍ മാനുഫാക്ചരേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യാത്രാവാഹനങ്ങളുടെ കയറ്റുമതിയില്‍ നേരിയ കുറവുണ്ടായതായും രേഖകള്‍ സൂചിപ്പിക്കുന്നു.

2010ല്‍ ഹ്യൂണ്ടായി മോട്ടോര്‍സ് ആയിരുന്നു കയറ്റുമതിയില്‍ മുന്നിട്ടുനിന്നത്. എന്നാല്‍ ഇത്തവണ കമ്പനിയുടെ കയറ്റുമതിയില്‍ 18 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ബജാജ്, ടി.വി.എസ് എന്നീ കമ്പനികളാണ് ഇരുചക്രവാഹനങ്ങളുടെ ശ്രേണിയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്.