എഡിറ്റര്‍
എഡിറ്റര്‍
ഓട്ടോ എക്‌സ്‌പോയുടെ വേദി മാറ്റുന്നു
എഡിറ്റര്‍
Tuesday 6th November 2012 2:05pm

രാജ്യത്തെ ഏറ്റവും വലിയ വാഹനപ്രദര്‍ശന മേളയായ ഓട്ടോ എക്‌സ്‌പോയുടെ വേദി ദല്‍ഹിയില്‍ നിന്നും മാറുന്നു. ‘ദല്‍ഹി ഓട്ടോ എക്‌സ്‌പോ’ എന്ന പേര് മാറില്ലെങ്കിലും വാഹന മേളയുടെ വേദി പ്രഗതി മൈതാനത്തിന് പകരം ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയാവുമെന്നാണ് സൂചന.

Ads By Google

വാഹനങ്ങളെ ഗ്രേറ്റര്‍ നോയ്ഡയിലെ എക്‌സ്‌പോ മാര്‍ട്ടില്‍ അണിനിരത്താനും അനുബന്ധ ഘടക നിര്‍മാതാക്കളുടെ മേള ഫോര്‍മുല വണ്‍ ഗ്രാന്‍പ്രിക്ക് ആതിഥ്യമരുളുന്ന ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്ക് മാറ്റാനുമാണ് ആലോചന.

യു.എസ്, ചൈന, തായ്‌ലന്‍ഡ്, ടര്‍ക്കി തുടങ്ങി ഇരുപത്തി നാലോളം രാജ്യങ്ങളില്‍ നിന്നായി 1,500 കമ്പനികളാണ് ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്തത്.

കഴിഞ്ഞ എക്‌സ്‌പോയില്‍ ഇന്ത്യന്‍ കമ്പനികള്‍ 24 കാറുകളും വിദേശി നിര്‍മാതാക്കള്‍ എട്ട് കാറുകളും അനാവരണം ചെയ്തിരുന്നു. കൂടാതെ എട്ട് ഇരുചക്രവാഹനങ്ങളുടെ അവതരണത്തിനും എക്‌സ്‌പോ വേദിയായി.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി(സി. ഐ. ഐ.), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ്(സയാം), ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍(എ. സി. എം. എ.) എന്നീ സംഘടനകള്‍ സംയുക്തമായാണ് രണ്ട് വര്‍ഷത്തത്തിലൊരിക്കലുള്ള ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

മുന്‍ എക്‌സ്‌പോകളില്‍ പല പിഴവുകളും ഉണ്ടായതായും ആളുകള്‍ അനിയന്ത്രിതമായി വന്നതും രത്തന്‍ ടാറ്റയും ആനന്ദ് മഹീന്ദ്രയുമടക്കമുള്ള വ്യവസായ പ്രമുഖര്‍ സംഘാടകരെ പഴിച്ചിരുന്നു. ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് മുതല്‍മുടക്കിനനുസൃതമായ നേട്ടം ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും വ്യാപകമായിരുന്നു.

മാധ്യമങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കുമായി നീക്കി വച്ച ദിനങ്ങളില്‍ പോലും ഓട്ടോ എക്‌സ്‌പോയില്‍ സാധാരണ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഓട്ടോ എക്‌സ്‌പോ സമഗ്രമായി ഉടച്ചുവാര്‍ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചതെന്നാണ് സൂചനകള്‍.

Advertisement