സിഡ്‌നി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന ആസ്‌ത്രേലിയന്‍ക്കാരന് കോടതി 13വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നിതിന്‍ ഗാര്‍ഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

കൗമാരക്കാരനായതിനാല്‍ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2010 ജനുവരിയിലായിരുന്നു കുറ്റകൃത്യം നടന്നത്. മെല്‍ബര്‍ പാര്‍ക്ക് ലാന്റിലൂടെ നടന്നുപോവുകയായിരുന്ന ഗാര്‍ഗിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗാര്‍ഗിന്റെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമണം.

Subscribe Us:

വയറിന് മാരകമായ കുത്തേറ്റ ഗാര്‍ഗ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഓസ്‌ത്രേലിയയില്‍ വംശീയ അക്രമം സാധാരണമായ സമയത്താണ് ഗാര്‍ഗിന്റെ കൊലപാതകവാര്‍ത്ത വരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മാധ്യമങ്ങളുള്‍പ്പെടെ ഈ വിഷയം വന്‍ചര്‍ച്ചയായിരുന്നു. മാനുഷികമൂല്യത്തിനെതിരെയുള്ള ക്രൂരകൃത്യം എന്നാണ് ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.

ഗാര്‍ഗ് അവിചാരിതമായി കൊല്ലപ്പെടുകയായിരുന്നെന്ന് കേസ് പരിഗണിച്ച ജഡ്ജ് പോള്‍ കഫ്‌ലാന്‍ പറഞ്ഞു.  പെട്ടെന്നുണ്ടായ പ്രേരണായാലുണ്ടായ കുറ്റകൃത്യമാണിതെന്നും, പാര്‍ക്കിലെത്തുന്ന സമയത്ത് ഗാര്‍ഗിനെ കൊല്ലാന്‍ പ്രതി തീരുമാനിച്ചിരുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. വംശീയപ്രശ്‌നങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in English