മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ ബഹുമതി നല്‍കാനുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഒരു ഓസ്‌ട്രേലിയന്‍ എം.പി ചോദ്യം ചെയ്തു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ആണ് കായികരംഗത്തുള്ള സച്ചിന്റെ സംഭാവനയ്ക്ക് അവാര്‍ഡ്നല്‍കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

Ads By Google

ഈ അവാര്‍ഡ് രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിജയത്തിന് ഉപകാരപ്രദമാവില്ലെന്ന് ഫെഡറല്‍ ഇന്‍ഡിപെന്‍ഡന്റ് എം.പി റോബ് ഓക്‌ഷോട്ട് പറഞ്ഞു. താന്‍ ക്രിക്കറ്റിനേയും സച്ചിനേയും ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഈ അവാര്‍ഡ് തികച്ചും നയതന്ത്രബന്ധത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുമതിക്കര്‍ഹരായവരുടെ ഈ ലിസ്റ്റ് ഓസ്‌ട്രേലിയക്കാരുടെ സമഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു.  മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡ്, സച്ചിന് ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ ബഹുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇത് ഒരു പ്രത്യേക ബഹുമതിയാണെന്നും ഓസ്‌ട്രേലിയക്കാരനല്ലാത്ത ഒരാള്‍ക്ക് ഈ ബഹുമതി നല്‍കുന്നത് വളരെ അപൂര്‍വ്വമാണെന്നും സച്ചിന്‍ എന്തുകൊണ്ടും ഈ ബഹുമതിയ്ക്ക് അര്‍ഹനാണെന്നും ഗില്ലാര്‍ഡ് വ്യക്തമാക്കി. ന്യൂക്ലിയര്‍ വിഷയത്തിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാവും സച്ചിന് നല്‍കുന്ന ബഹുമതി എന്നും അദ്ദേഹം അറിയിച്ചു.