മെല്‍ബണ്‍: വലങ്കാലിനു പൊട്ടലുണ്ടെങ്കിലും ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും മാറിനില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ബ്രെറ്റ് ലീ.

‘പെരുവിരലിനാണ് പൊട്ടലുള്ളത്, എക്‌സ് റേ എടുത്തു. ആവശ്യത്തിനുള്ള ചികിത്സയും ചെയ്തു. എങ്കിലും കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ലല്ലോ. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങളൊക്കെ നേരിടേണ്ടതായി വരും. വേദന നന്നായുണ്ട്. എന്നാലും ഇപ്പോള്‍ വേദനയേക്കാള്‍ ഉപരി മത്സരം മാത്രമാണ് മനസ്സിലുള്ളത്. അതുകൊണ്ട് വേദന സ്വയം മറക്കുകയാണ്. ഇത്രപെട്ടന്ന് കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. സ്വന്തം രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ ഇത്തരം ത്യാഗങ്ങളും അര്‍പ്പണങ്ങളും അനിവാര്യമാണ്’.-ബ്രെറ്റ് ലീ പറഞ്ഞു.

ടൂര്‍ണമെന്റ് ആവേശഭരിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആസ്വദിച്ച് കളിക്കാന്‍ കഴിയണമെന്നും ബ്രറ്റ് ലീ വ്യക്തമാക്കി. ത്രിരാഷ്ട്ര മത്സരത്തിലെ ആദ്യ നാലുമത്സരങ്ങളില്‍ നിന്നും 36 റണ്‍സ് ശരാശരിയില്‍ അഞ്ചുവിക്കറ്റ് ലീ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഫെബ്രുവരി മൂന്നിനു നടന്ന ട്വന്റി ട്വന്റിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയ്ക്കാണ് ബ്രെറ്റ് ലീയ്ക്ക് പരിക്കേറ്റത്. ഒരുമാസത്തെ വിശ്രമം അനിവാര്യമായിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബ്രെറ്റ് ലീ കളിക്കളത്തിലേക്ക് മടങ്ങിയെത്തി.

Malayalam news

Kerala news in English