മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ആന്‍ഡ്രൂ സൈമണ്ട്സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 36ാകാരനായ സൈമണ്ട്‌സ് ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചുകഴിഞ്ഞു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ സൈമണ്ട്‌സ് ഈ സീസണില്‍ ടീമിലുണ്ടാകില്ല. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇറങ്ങിയിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായിരുന്നില്ല.

തനിയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നെന്നും അതുകൊണ്ടു തന്നെ ഇനി കളിക്കളത്തില്‍ അധികം സമയം ചിലവഴിക്കാന്‍ കഴിയില്ലെന്നും സൈമണ്ട്‌സ് അറിയിച്ചു.

1994-95 കാലഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സൈമണ്ട്‌സ് 1998 ല്‍ പാക്കിസ്ഥാന് എതിരെയാണ് ആദ്യമായി ഏകദിനം കളിക്കുന്നത്. 198 ഏകദിന മത്സരങ്ങളില്‍ നിന്നായി 5,088 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 2009 ലാണ് അദ്ദേഹം ഏകദിന മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്.

2004 ല്‍ ആദ്യമായി ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുതുടങ്ങി. ശ്രീലങ്കയായിരുന്നു അന്നത്തെ എതിരാളി. ഇതുവരെ 26 ടെസ്റ്റുകളില്‍ കളിച്ച സൈമണ്ട്‌സ് 1462 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 24 ഉം ഏകദിനത്തില്‍ 133 വിക്കറ്റുകള്‍ സൈമണ്ട്‌സ് എടുത്തിട്ടുണ്ട്. വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിങ്ങുമായുണ്ടായ വാക്കേറ്റം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Malayalam News

Kerala News In English