ബ്രിസ്‌ബെയ്ന്‍: തുടര്‍ച്ചയായ ആറുതോല്‍വികള്‍ക്കുശേഷം ആസ്‌ട്രേലിയക്ക് ആശ്വാസജയം. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ എട്ടുവിക്കറ്റിനാണ് കംഗാരുക്കള്‍ വിജയിച്ചത്. അഞ്ചുവിക്കറ്റു വീഴ്ത്തിയ ജെയിംസ് മക്കേ ആണ് കളിയിലെ താരം.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 119 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റു വീഴ്ത്തിയ മക്കേ ആണ്് ലങ്കയെ തകര്‍ത്തത്. ലങ്കക്കായി 28 റണ്‍സെടുത്ത തരംഗയും 33 റണ്‍സെടുത്ത ചമരസില്‍വയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ലങ്കയുടെ ഒമ്പത് ബാറ്റ്‌സ്മാന്‍മാര്‍ ഇരട്ടയക്കം കാണാതെ പുറത്തായി. മറുപടിയായി വാട്ട്‌സന്റേയും (15) ഹാഡിന്റേയും (31) വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി കംഗാരുക്കള്‍ ലക്ഷ്യം നേടി.

കഴിഞ്ഞ ആറുമല്‍സരങ്ങളും തോറ്റ ആസ്‌ട്രേലിയ അതിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ കഠിനമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ നിലിവിലെ ഓസീസ് ടീമിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ആഷസ് നേടാന്‍ സാധിക്കില്ലെന്ന് ഓസീസ് ആരാധകര്‍ ഓണ്‍ലൈന്‍ പോളിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.