Categories

ഓസ്‌ട്രേലിയ അയര്‍ലന്റിനെ ഏഴു വിക്കറ്റിനു തകര്‍ത്തു

Shane Watson

കൊളംബൊ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയ അയര്‍ലന്റിനെ ഏഴു വിക്കറ്റിനു തോല്‍പിച്ചു. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ ഷെയ്ന്‍ വാട്‌സനാണ് അയര്‍ലന്റിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്റിന് തീരുമാനം തെറ്റാവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ആദ്യ മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായ അയര്‍ലന്റ് കടുത്ത സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

Ads By Google

കെവിന്‍ ബ്രയിന്റെ ബാറ്റിംഗാണ് തകര്‍ച്ചയില്‍ നിന്നും അയര്‍ലന്റിന് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. ഇരുപത്തൊമ്പത് പന്തില്‍ നിന്നും 35 റണ്‍സ് നേടിയ കെവിന്‍, വാട്‌സന്റെ ബൗളിംഗില്‍ പുറത്താവുകയായിരുന്നു. നെയില്‍ ജോണ്‍സന്റെ അവസാന നിമിഷത്തെ അവസരോചിത ഇടപെടലാണ് അയര്‍ലന്റിനെ 123/7 എന്ന നിലയിലെത്തിച്ചത്. 26 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വാട്‌സനാണ് അയര്‍ലന്റിന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പിച്ച് തകര്‍ത്തത്. ഒസീസിന് വേണ്ടി സ്റ്റാര്‍ക് ഇരുപത് റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒസീസ് 15.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ചു ഫോറുകളുടെയും മൂന്നു സിക്‌സുകളുടെയും ബലത്തില്‍ മുപ്പത് പന്തില്‍ നിന്നും 51 റണ്‍സ് നേടി ഷെയ്ന്‍ വാട്‌സണ്‍ ഒസീസിന്റെ വിജയം വേഗത്തിലാക്കുകയായിരുന്നു. വാട്‌സന് കൂട്ടായി ഓപ്പണ്‍ ചെയ്ത ഡേവിഡ് വാര്‍ണര്‍ (26 റണ്‍സ്) മികച്ച പിന്തുണയാണ് നല്‍കിയത്. അര്‍ധ സെഞ്ചുറി നേടുകയും 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷെയ്ന്‍ വാട്‌സണാണ് മാന്‍ ഓഫ് ദ മാച്ച്.

അയര്‍ലന്റിന് വേണ്ടി ജോര്‍ജ്ജ് ഡോക്രെലും കെവിന്‍ ബ്രെയിനും ഒന്നു വീതം വിക്കറ്റുകള്‍ നേടി.