മെല്‍ബണ്‍: വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കും വിധം ഓസ്‌ട്രേലിയ വിസാ ചട്ടങ്ങളില്‍ ഇളവുവരുത്തി. ഇന്ത്യയില്‍ നിന്നടക്കം ഓസ്‌ട്രേലിയയിലെ സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്നാണ് നടപടി.

ഓസ്‌ട്രേലിയയിലെ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരേ നടന്ന ആക്രമണങ്ങളും ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഉയര്‍ന്ന മൂല്യം കാരണം പണച്ചെലവേറിയതും വിദേശവിദ്യാര്‍ഥികളുടെ കടന്നുവരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
പുതിയ വിസാ ചട്ടപ്രകാരം വിദ്യാര്‍ഥി വിസ അനുവദിക്കാന്‍ അപേക്ഷാര്‍ഥി 36,000 ഡോളറില്‍ കുറവു തുക അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ മതിയാകും. കോഴ്‌സ് കഴിഞ്ഞ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ രണ്ടുമുതല്‍ നാലു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ തങ്ങാന്‍ അനുവദിക്കുന്ന തരത്തിലും മാറ്റംവരുത്തിയിട്ടുണ്ട്.