എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ വിജയക്കുതിപ്പിന് ഓസ്‌ട്രേലിയയുടെ കടിഞ്ഞാണ്‍; ഏറ്റുവാങ്ങിയത് 333 റണ്‍സിന്റെ കനത്ത തോല്‍വി
എഡിറ്റര്‍
Saturday 25th February 2017 3:17pm

പൂനെ: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഓസ്‌ട്രേലിയ കടിഞ്ഞാണിട്ടു. 333 റണ്‍സിന്റെ കനത്ത തോല്‍വിയാണ് വിരാടും സംഘവും ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സ് ചേര്‍ക്കുമ്പോളേക്കും ഇന്ത്യയുടെ മുഴുവന്‍ താരങ്ങളും കൂടാരത്തിലേക്ക് ചേക്കേറുകയായിരുന്നു.

തുടര്‍ച്ചയായ 19 ടെസ്റ്റ് വിജയങ്ങളെ ഇന്ത്യയുടെ റെക്കോര്‍ഡ് കുതിപ്പിന് ഇതോടെ വിരമമായി. 441 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ സ്റ്റീവ് ഓകീഫിന്റെ മിന്നും പ്രകടനമാണ് തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് നേടിയ ഓകിഫ് ഇതോടെ പൂനെ ടെസ്റ്റില്‍ പിഴുതത് 12 വിക്കറ്റുകളാണ്.


Also Read: ആ കുട്ടിവരുമ്പോള്‍ 40 ക്യാമറകളുമായി അവള്‍ക്കു ചുറ്റും കൂടിനില്‍ക്കരുത്: എന്റെ അപേക്ഷയാണ്: മാധ്യമങ്ങളോട് പൃഥ്വിരാജ്


റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ഇന്ത്യയില്‍ തുടര്‍ച്ചയായ 11 ടെസ്റ്റുകള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഓസീസ് ഇന്ത്യയെ ഒരു ടെസ്റ്റില്‍ പരാജയപ്പെടുത്തുന്നത് എന്നതും വിരാടിന്റെയും സംഘത്തിന്റേയും തോല്‍വിയുടെ ആഘാതം കൂട്ടുന്നു.

ആറ് വിക്കറ്റെടുത്ത ഓകിഫിന് നാല് വിക്കറ്റെടുത്ത ലയണും മികച്ച പിന്തുണയാണ് നല്‍കിയത്. സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുക എന്ന ഇന്ത്യന്‍ തന്ത്രത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ തോല്‍വി.

നേരത്തെ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയാണ് കരകയറ്റിയത്. സ്മിത്ത് നേടിയത് 109 റണ്‍സായിരുന്നു. എന്നാല്‍ ടീം ഇന്ത്യ മുഴുവന്‍ ശ്രമിച്ചിട്ടും സ്മിത്തിന്റെ സ്‌കോറിന് ഒപ്പമെത്താന്‍ പോലും സാധിച്ചില്ല.

വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും മുരളി വിജയുമൊക്കെ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര കീഫിന്റെ സ്പിന്നിന് മുന്നില്‍ കറങ്ങി വീഴുകയായിരുന്നു. അതേസമയം, ഇന്ത്യന്‍ ബൗളര്‍മാര്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അപ്പോഴും മാര്‍ക്ക് കൂടുതല്‍ ഓസീസ് ബൗളര്‍മാര്‍ക്ക് തന്നെയാണ്.

Advertisement