മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് ആറാം കിരീടം. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 114 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 259 റണ്‍സ് എടുത്തു. ഓസീസ് ഓപ്പണര്‍ റെയ്ച്ചല്‍ ഹെയ്ന്‍സി(52)ന്റെയും ജസ്സീക്ക കാമറോണി(75)ന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലാണ് ഓസീസിന് ഉയര്‍ന്ന സ്‌കോര്‍ നേടാനായത്.

Ads By Google

എന്നാല്‍  മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 43.1 ഓവറില്‍  145 റണ്‍സില്‍ അവസാനിച്ചു.

സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ 7ന് 259; വിന്‍ഡീസ് 43.1 ഓവറില്‍ 145ന് പുറത്ത്.

22 പന്തില്‍ 25 റണ്‍സെടുക്കുകയും വിന്‍ഡീസിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത എല്ലിസ് പെറി ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

19 റണ്‍സ് വിട്ടുകൊടുത്തു മൂന്നു വിക്കറ്റെടുത്ത എലീസ് പെറിയുടെ ഓള്‍റൗണ്ട് പ്രകടനവും രണ്ടു വിക്കറ്റ് വീതമെടുത്ത മെഗാന്‍ ഹട്ട്, ലിസ സ്റ്റാലേകര്‍, എറിന്‍ ഓസ്‌ബോണെ എന്നിവരുമാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതില്‍ നിന്നും കരകയറാന്‍ വിന്‍ഡീസിന് കഴിഞ്ഞില്ല.

വിന്‍ഡീസിന് വേണ്ടി  കൈഷോണ നൈറ്റ് 57 പന്തില്‍ 21 റണ്‍സും  വിക്കറ്റ് കീപ്പറുമായ മെറീസ അഗ്വിലീറ 23 റണ്‍സും എടുത്തു.

വനിതാ ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഓസിസ് എടുത്തത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടി.