സിഡ്‌നി: ടെസ്റ്റ് മാത്രമല്ല, ട്വന്റി 20 യും കളിക്കാനറിയില്ലെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യന്‍ ടീമിലെ പുതുരക്തത്തിന്റെ ചോര തിളക്കുമെന്നൊക്കെയായിരുന്നു വീരവാദം. എന്നിട്ടും ടെസ്റ്റിലെ സമ്പൂര്‍ണ്ണ തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ 4ന് 171. ഇന്ത്യ: 20 ഓവറില്‍ 6ന് 140.

ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ മാത്യു വേഡിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവില്‍ വലിയ സ്‌കോറിലേയ്ക്ക് നീങ്ങുകയായിരുന്ന ഓസ്‌ട്രേലിയക്ക് തടയിട്ടത് സത്യത്തില്‍ ഇടയ്ക്ക് വന്ന മഴയാണ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഒസീസ് 171 റണ്‍സ് നേടിയത്. അവസാന ഓവറില്‍ ഒരു പന്ത് ശേഷിക്കെയാണ് ഒസീസിന് നാലാം വിക്കറ്റ് നഷ്ടമായത്.

ഇന്ത്യയുടെ ബാറ്റിംഗില്‍ പതിവുപോലെ ആദ്യ ഓവറില്‍ തന്നെ വീരേന്ദര്‍ സേവാഗ് (4) വേഗം പവലിയനിലേക്ക് മടങ്ങി. സെവാഗിനെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ ബ്രെറ്റ് ലീ ബൗള്‍ഡാക്കുകയായിരുന്നു. ഗൗതം ഗംഭീര്‍ (20), വിരാട് കൊഹ്‌ലി (22) ഉം ചേര്‍ന്ന് ചെറിയൊരു ചെറുത്തു നില്‍പ്പ് നടത്തി. പിന്നാലെ എത്തിയ രോഹിത് ശര്‍മ (0), സുരേഷ് റെയ്‌ന (11), രവീന്ദ്ര ജഡേജ (7) തുടങ്ങിയവരെല്ലാം തലതാഴ്ത്തി മടങ്ങി. തോല്‍വി ഉറപ്പാക്കിയശേഷം ധോണിയുടെ (48) ഒരു മിന്നലാട്ടം ഉണ്ടായി.

ബ്രെറ്റ് ലീ, ക്രിസ്റ്റിയന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ഹസ്സിയും ഹോഗും ഒരു വിക്കറ്റ് വീതവുമെടുത്തു.

Malayalam News
Kerala News in English