ഗാലെ: ആസ്‌ട്രേലിയയുടെ മുഴുവന്‍ സമയ ക്യാപ്റ്റനെന്ന ചുമതല ഏറ്റെടുത്ത മൈക്കല്‍ ക്ലര്‍ക്കിന് വിജയതുടക്കം. ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്ന് ടെുകളടങ്ങിയ പരമ്പരയിലെ ഗാലെയില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 125 റണ്‍സിന് വിജയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 378 റണ്‍സ് വേണ്ടിയിരുന്ന ലങ്ക 253 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: 273, രണ്ടാം ഇന്നിംഗ്‌സ്: 210, ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്: 105, രണ്ടാം ഇന്നിംഗ്‌സ്: 253.

മഹേല ജയവര്‍ധനയും(105) ആഞ്ചലോ മാത്യൂസും(95) പൊരുതി നോക്കിയെങ്കിലും അതൊന്നും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ പര്യാപ്തമായിരുന്നില്ല. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ശ്രീലങ്കന്‍ ഇന്നിംഗ്‌സിനോട് 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ജയവര്‍ധന ഹാരിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തൂടര്‍ന്ന വാലറ്റം ഓരോരുത്തരായി ഒസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. 43 റണ്‍സ് കൂട്ടിചേര്‍ക്കുന്നിതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ വീണത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ റയാന്‍ ഹാരിസാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മിച്ചല്‍ ജോണ്‍സണ്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ലയണ്‍ ഒറു വിക്കറ്റും നേടി.ആദ്യ ഇന്നിംഗില്‍ ക്ഷമാപൂര്‍വ്വമായ ഇന്നിംഗ്‌സിലൂടെ 95 റണ്‍സ് നേടിയ ആസ്‌ട്രേലിയന്‍ ബാറ്റ്‌സമാന്‍ മൈക്ക് ഹസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ എട്ടിന് പല്ലെക്കെലെയില്‍ ആരംഭിക്കും.