Categories

ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യക്ക് തോല്‍വി

ബസ്സല്‍ടണ്‍: ത്രിരാഷ്ട്ര ഹോക്കി ടുര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ആതിഥേയരായ ആസ്‌ട്രേലിയയില്‍ നിന്നും  കനത്ത തോല്‍വി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തിലും ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ആദ്യ തോല്‍വി.

മത്സരത്തിലുടനീളം ഇന്ത്യയായിരുന്നു മികച്ചു നിന്നത്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടതാണ് നാണം കെട്ട തോല്‍വിയിലേക്ക് നയിച്ചത്. പ്രതിരോധ നിരയിലുണ്ടായ പാളിച്ചകളും ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചു. ആദ്യപകുതി അവസാനിക്കുമ്പോള്‍ തന്നെ 4-0ന് ഓസീസ് മുന്നിട്ട് നിന്നിരുന്നു.

ഒന്‍പതാം മിനിട്ടില്‍ അനുകൂലമായി കിട്ടിയ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി കിരണ്‍ ഗോവേര്‍സാണ് ഓസീസ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. പിന്നീട 32-ാം മിനിട്ടില്‍ ഗോവര്‍ വീണ്ടും ടീമിനായി ഗോള്‍ നേടി. ഇതിനിടയില്‍ 21-ാം മിനിറ്റില്‍ തിമോത്തി ഡെവിനും 25-ാം മിനിറ്റില്‍ റസ്സല്‍ ഫോര്‍ഡും ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ നിക്ഷേപിച്ചു. കളി തീരാന്‍ മൂന്ന് മിനിട്ട് ശേഷിക്കെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി മാര്‍ഗറ്റ് റിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ചൊവ്വാഴ്ച ചിരവൈരികളായ പാക്കിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. വാശിയേറിയ മത്സരത്തില്‍ മൂന്ന് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം മൂന്ന് ഗോളുകള്‍ തിരിച്ച് വാങ്ങിയ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. ഇരുടീമുകളും തമ്മിലുള്ള വാശി പരിധിവിട്ടതുമൂലം മത്സരം തീരാന്‍ ഒന്നരമിനിട്ട് ശേഷിക്കെ മത്സരം ഒന്നര മണിക്കൂറിലധികം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.