മൊട്ടേര: സിംബാവെയ്‌ക്കെതിരേ 91 റണ്‍സിന്റെ ആധികാരിക ജയത്തോടെ ആസ്‌ട്രേലിയ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. സിംബാവെ ബൗളര്‍മാരുടെ മുന്നില്‍ ആദ്യം പകച്ചെങ്കിലും മികച്ച ബാറ്റിംഗിന്റെയും ബൗളിംഗിന്റേയും കരുത്തില്‍ വിജയിക്കുകയായിരുന്നു.

മികച്ച തന്ത്രവുമായാണ് സിംബാവേ കളിക്കാനിറങ്ങിയത്. രണ്ടാം ഓവര്‍ സ്പിന്നര്‍ റേ പ്രൈസിനെ എല്‍പ്പിച്ച് ആസ്‌ട്രേലിയയെ അവര്‍ അമ്പരപ്പിച്ചു. ഇതിന് ഫലവും കണ്ടു. ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ വെറും 30 റണ്‍സ് നേടാനേ കംഗാരുക്കള്‍ക്ക് കഴിഞ്ഞുള്ളൂ.

എന്നാല്‍ ഷെയിന്‍ വാട്ട്‌സണും (79) മൈക്കല്‍ ക്ലാര്‍ക്കു (58)മാണ് കംഗാരുക്കള്‍ക്കായി മികച്ച പോരാട്ടം കാഴ്ച്ചവെച്ചത്. ആസ്‌ട്രേലിയയുടെ 262 ന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച സിംബാവേയ്ക്ക് തുടക്കത്തിലേ തകര്‍ച്ചയായിരുന്നു നേരിട്ടത്.

വെറും 171 റണ്‍സെടുക്കുന്നതിനിടയില്‍ സിംബാവെയുടെ എല്ലാവരും പുറത്തായി. 37 റണ്‍സെടുത്ത ക്രീമറും 28 റണ്‍സെടുത്ത വില്യംസും മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.