സിഡ്‌നി: ഏറെ വിവാദങ്ങള്‍ നിറഞ്ഞ മത്സരത്തിനൊടുവില്‍ ഓസ്‌ട്രേലിയയോട് 87 റണ്‍സിന് തോറ്റ് ടീം ഇന്ത്യ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ഫൈനല്‍ കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. ശേഷിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ വന്‍ മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ഇന്ത്യ ശ്രീലങ്കയെ ബോണസ് പോയന്റോടെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് ഇനി ഫൈനലിലെത്താന്‍ സാധിക്കൂ.

മത്സരത്തിനിടെ  ഓസ്‌ട്രേലിയയുടെ ഡേവിഡ് ഹസി വിക്കറ്റിലേക്കുള്ള ഇന്ത്യന്‍ ഫീല്‍ഡറുടെ ത്രൊ കൈകൊണ്ട് തടഞ്ഞിട്ടതുമുതല്‍ ആരംഭിച്ച വിവാദങ്ങള്‍ കളിയുടെ അവസാനഘട്ടം വരെ നിറഞ്ഞു നിന്നു. മറുപടി ബാറ്റിങില്‍ സച്ചിന്റെ റണ്‍ ഔട്ടും ധോനിക്കെതിരായ അമ്പയറുടെ തെറ്റായ തീരുമാനവും കളിയെ കൂടുതല്‍ വിവാദങ്ങളിലേക്കു നയിച്ചു. എല്ലാ അവസരങ്ങളിലും അമ്പയര്‍മാര്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായ നിലപാടാണെടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എടുത്തു. തുടക്കത്തില്‍ ഓസീസ് പതറിയെങ്കിലും പിന്നീട് ബാറ്റ്‌സ്മാന്‍മാര്‍ ഉണര്‍ന്ന് കളിച്ചത് സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചു. വാര്‍ണര്‍ 68 ഉം ഹസ്സി 54 ഉം മാത്യു വാഡേ 56 ഉം റണ്‍സ് നേടി. മൂന്ന് വിക്കറ്റു നേടിയ സോവാഗാണ് ഇന്ത്യന്‍ നിരയില്‍ ശോഭിച്ചത്. പ്രവീണ്‍ കുമാറും ഉന്‍മേഷ് യാദവും രണ്ട് വിക്കറ്റും വീഴ്ത്തി.

253 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.5 ഓവറില്‍ 165ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും നിലയുറപ്പിച്ച് കളിച്ചില്ല. 26 റണ്‍സെടുത്ത ആര്‍.അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

വാലറ്റത്ത് ഇര്‍ഫാന്‍ പത്താനെ (22) കൂട്ടുപിടിച്ച് അശ്വിന്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 150 കടത്തിയത്. സെവാഗ് അഞ്ചു റണ്‍സിനും സച്ചിന്‍ 14 റണ്‍സിനും ഗംഭീര്‍ 23 റണ്‍സിനും കോലി 21 റണ്‍സിനും സുരേഷ് റെയ്‌ന എട്ടു റണ്‍സിനുമാണ് പുറത്തായത്. സെവാഗിനെ ഹില്‍ഫനസും ഗംഭീറിനെ മെക്കെയും കോലിയെയും റെയ്‌നയെയും വാട്‌സണും പുറത്താക്കിയപ്പോള്‍ സച്ചിന്‍ റണ്ണൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ധോനിയും രവീന്ദ്ര ജഡേജയും യഥാക്രമം 14 ഉം എട്ടും റണ്‍സെടുത്ത് പുറത്തായി.

ആസ്‌ത്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണറും ഡേവിഡ് ഹസ്സിയും മാത്യൂ വെയ്ഡും അര്‍ധ സെഞ്ച്വറി നേടി. ഹില്‍ഫെന്‍ഹോസ്, വാട്‌സണ്‍ ,സാവിയര്‍ ഡോഹെര്‍ട്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Malayalam News

Kerala News In English