Administrator
Administrator
കിവികളും കംഗാരുക്കളും ക്വാര്‍ട്ടറില്‍
Administrator
Monday 14th March 2011 8:58am

മുംബൈ: പൊരുതിക്കളിച്ച കെനിയയെയും കാനഡയെയും തകര്‍ത്ത് ആസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. കാനഡയെ 97 റണ്‍സിന് കിവീസ് തകര്‍ത്തപ്പോള്‍ കെനിയക്കെതിരേ 60 റണ്‍സിന്റെ വിജയമാണ് കംഗാരുക്കള്‍ നേടിയത്. സ്‌കോര്‍: ആസ്‌ട്രേലിയ 6/324, കെനിയ 264. ന്യൂസിലാന്‍ഡ് 6/358. കാനഡ 6/261.

മക്കുല്ലത്തിന്റെ സെഞ്ച്വറി കരുത്തില്‍ കിവീസ്
ഓപ്പണര്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ സെഞ്ച്വറിയായിരുന്നു കിവീസ് ഇന്നിംഗ്‌സിന്റെ സവിശേഷത. 101 റണ്‍സോടെ മക്കുല്ലം കളംനിറഞ്ഞാടി. 74 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെയ്‌ലറും 34 റണ്‍സെടുത്ത വില്യംസണും 38 റണ്‍സെടുത്ത റൈഡറും കിവീസ് സ്‌കോര്‍ 358ലെത്തിച്ചു.

മറുപടിയായി മോശം തുടക്കമാണ് കാനഡയ്ക്ക് ലഭിച്ചത്. 50 റണ്‍സിനിടയില്‍ മൂന്നുവിക്കറ്റ് നഷ്ടമായ അവരെ ക്യാപ്റ്റന്‍ ബഗായിയും (84) ഹന്‍സാരയും (70*) ചേര്‍ന്നുള്ള നാലാംവിക്കറ്റ് കൂട്ടുകെട്ടാണ് കരുത്തുപകര്‍ന്നത്. എന്നാല്‍ വാലറ്റത്ത് മികച്ച പ്രകടനം നടത്താന്‍ ആരുമില്ലാതായതോടെ കാനഡയുടെ പോരാട്ടം 261ല്‍ ഒതുങ്ങി. മക്കുല്ലമാണ് കളിയിലെ താരം.

ആസ്‌ട്രേലിയയെ പരീക്ഷിച്ച് കെനിയ
പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല കെനിയക്കെതിരേയുള്ള മല്‍സരം. ആദ്യം ബാറ്റ്‌ചെയ്ത ആസ്‌ട്രേലിയയെ കെട്ടിയിടുന്നതില്‍ കെനിയന്‍ ബൗളര്‍മാര്‍ വിജയിച്ചു. ഓപ്പണര്‍ വാട്ട്‌സന്റെ വിക്കറ്റ് അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഹാഡിനും (65)പോണ്ടിംഗും (36), ക്ലാര്‍ക്കും (93) ചേര്‍ന്ന് ആസട്രേലിയന്‍ സ്‌കോര്‍ 324ല്‍ എത്തിച്ചു. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ഹസിയുടെ ഇന്നിംഗ്‌സും (54) ടീമിന് കരുത്തായി. കെനിയക്കായി ഒധിയാംബോ മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയാണ് കെനിയ തുടങ്ങിയത്. 46 റണ്‍സിനിടെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാര്‍ പവലിയനിലെത്തി. എന്നാല്‍ കോളിന്‍സ് ഒബൂയയും(98) മിശ്രയും (72) ചേര്‍ന്ന് മികച്ച മറുപടി ആസ്‌ട്രേലിയക്ക് നല്‍കി. തോമസ് ഓഡോയോ പൊരുതിനോക്കിയെങ്കിലും (35) സ്‌കോര്‍ 264ല്‍ ഒതുങ്ങുകയായിരുന്നു. ആസ്‌ട്രേലിയക്കായി ടെയ്റ്റ് രണ്ടുവിക്കറ്റ് വീഴ്ത്തി. ഒബൂയോ ആണ് കളിയിലെ താരം.

Advertisement