സിഡ്‌നി: ഇന്ത്യന്‍ വംശജന്‍ രഞ്‌ജോത് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവിനെയും 20 വയസുള്ള യുവതിയെയുമാണ് പിടികൂടിയത്. ഇവര്‍ ദമ്പതികളാണെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 29നാണ് രഞ്‌ജോതിന്റെ പാതി കരിഞ്ഞ മൃതദേഹം ഗ്രിഫിത്ത് പട്ടണത്തില്‍ വഴിയരികില്‍ കണ്ടത്. യുവാവ് ആക്രമിക്കപ്പെട്ടതായും ശരീരത്തില്‍ മുറിവേറ്റിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

രഞ്‌ജോതിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം നിതിന്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വംശജന്‍ മെല്‍ബണില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിനു പുറമെ നിരവധി ഇന്ത്യന്‍ വംശജര്‍ ആക്രമണത്തിനിരയാവുകയും ചെയ്തു. ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രണത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് വരികയാണ്. ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് ഇന്നലെ ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു.