കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ നേരിടുന്നത് വംശീയ ആക്രമണങ്ങള്‍ തന്നെയാണെന്ന മുന്‍ ഓസ്‌ട്രേലിയന്‍ സൈനിക മേധാവി ദനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ്. ആക്രമണങ്ങള്‍ക്ക് വംശീയ സ്വഭാവമില്ലെന്ന ഓസീസ് സര്‍ക്കാര്‍ അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ വംശീയമായ കാരണങ്ങള്‍ കൊണ്ടല്ലെന്ന് പറയുന്നവര്‍ക്ക് ഭ്രാന്തുണ്ടെന്ന് കരുതണമെന്ന് ദി ഏജ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ മോശമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടാക്‌സി ഡ്രൈവര്‍ക്കു കുത്തേറ്റത് ഉള്‍പ്പെടെ ഈ മാസം ഇന്ത്യക്കാര്‍ക്കു നേരെ മൂന്ന് ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങളില്‍ ആശങ്ക വേണ്ടെന്നു പറയുന്നതിനു പകരം സംഭവത്തെ കൂടുതല്‍ ഗൗരവപരമായി കാണണമെന്നും ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമത്തിന് വംശീയ സ്വഭാവമുണ്ടെന്ന് വിക്‌ടോറിയ പോലീസ് ചീഫ് കമ്മീഷണര്‍ സിമോണ്‍ ഓവര്‍ലാന്റും പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍ രണ്ടുവര്‍ഷം മുന്‍പേ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ക്രിമിനല്‍ ആക്രമണമാണെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ നടക്കുന്നത് വംശീയ ആക്രമണങ്ങളാണെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ആക്രമം വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സര്‍ക്കാര്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു.