സിഡ്‌നി: ലോകകപ്പ് തോല്‍വിയുടെ ദുരന്തം പേറുന്ന ആസ്‌ട്രേലിയന്‍ ടീമിന് മറ്റൊരു തിരിച്ചടികൂടി. ടീമിന്റെ പേസ് ബൗളിംഗിലെ കുന്തമുനയായിരുന്ന ഷോണ്‍ ടെയ്റ്റ് ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഓസീസ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ട്വന്റി-20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഏകദിനത്തില്‍ നിന്നും വിരമിക്കുന്നതെന്ന് ടെയ്റ്റ് വിശദീകരിച്ചു.

ശാരീരികമായ പ്രശ്‌നങ്ങളും തീരുമാനത്തിന് കാരണമായതായി ടെയ്റ്റ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ സൗത്ത് ആസ്‌ട്രേലിയന്‍ റെഡ്ബാക്ക്‌സിനായി കളിക്കുന്ന താരമാണ് ടെയ്റ്റ്. ആസ്‌ട്രേലിയയുടെ പുറത്താകലില്‍ നിരാശയുണ്ടെന്നും ടെയ്റ്റ് പ്രതികരിച്ചു.

ലോകകപ്പില്‍ ടെയ്റ്റിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. വേഗതയില്‍ പന്തെറിയാന്‍ സാധിച്ചെങ്കിലും ലൈനും ലെഗ്തും ലഭിക്കാതെ ഉഴറുന്ന ടെയ്റ്റിനെയായിരുന്നു ഇന്ത്യക്കെതിരായ ക്വാര്‍ട്ടറില്‍ കണ്ടത്. 35 ഏകദിനങ്ങളില്‍ ഓസീസിനായി കളിക്കാനിറങ്ങിയ ടെയ്റ്റ് 62 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.