എഡിറ്റര്‍
എഡിറ്റര്‍
24 വര്‍ഷങ്ങള്‍ക്ക് ശേഷം ആങ്ങ് സാന്‍ സ്യൂച്ചി വിദേശത്തേയ്ക്ക്
എഡിറ്റര്‍
Thursday 31st May 2012 1:43am

ആങ്ങ് സാന്‍ സ്യൂച്ചി തായ്‌ലാന്റ് സന്ദര്‍ശിച്ചു. വാര്‍ഷങ്ങള്‍ക്കൊടുവില്‍ കൃത്യമായി പറഞ്ഞാല്‍ 24 വര്‍ഷത്തിനുശേഷമാണ് സ്യൂച്ചി വിദേശയാത്ര ചെയ്യുന്നത്. ഈ വിദേശയാത്രതന്നെ മറ്റൊരു ദൗത്യം ഏറ്റെടുത്തുകെണ്ടുള്ളതായിരുന്നു. തായ്‌ലാന്റ് സന്ദര്‍ശിക്കുക. അവിടെ മ്യാന്‍മാറില്‍ നിന്നും എത്തിയിട്ടുള്ള കുടിയേറ്റ തൊഴിലാളികളെ കാണുക, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക, അവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുക.

ചരിത്രത്തെ തൊല്‍പ്പിച്ച മഹത്തായ വ്യക്തിത്വമാണ് സ്യൂച്ചിയുടേത്. മ്യാന്‍മാറിലെ ജനാധിത്യ സ്ഥാപനത്തിനായി, അവിടുത്തെ പട്ടാള സര്‍ക്കാരിനെതിരെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ ശബ്ദമായിരുന്നു സ്യൂച്ചി. അതുകൊണ്ട് തന്നെ മ്യാന്‍മാര്‍ക്കിടയില്‍ സ്യൂച്ചിക്ക് അമ്മയുടെ സ്ഥാനമാണുള്ളത്. അവര്‍ സ്‌നേഹത്തോടെ സ്യൂച്ചി ദാ ‘അമ്മ സ്യൂ’ എന്നു വിളിച്ചു വരുന്നു.

8888 കലാപത്തോടെയായിരുന്നു സ്യൂച്ചിയുടെ രാഷ്ട്രീയ അരങ്ങേറ്റം നടന്നത് എന്ന് പറയാം. ജനാധിപത്യത്തിനു വേണ്ടിയുള്ള മഹാത്തായൊരു കലാപമായിരുന്നു അത്. 1988 ആഗസ്റ്റ് 8-തീയ്യതി(8/8/88) നടന്നതുകൊണ്ടാണ് ഇത്തരമൊരു പേരില്‍ അതറിയപ്പെടാന്‍ കാരണം. അന്നത്തെ പട്ടാള ഭരണാധികാരിയും ഭരണ പാര്‍ട്ടിയുടെ നേതാവുമായ ജനറല്‍ നീ വിന്‍-നെ ഭരണത്തില്‍ നിന്നും താഴെയിറക്കിക്കൊണ്ടായിരുന്നു അത്. അന്ന് സോവിയറ്റ് യൂണിയനുമായി സഹകരിച്ചുകൊണ്ട് അതേ മോഡലില്‍ ഭരണക്രമം കെട്ടിപ്പടുക്കുകയും കേന്ദ്രീകരണ ആസൂത്രണത്തിന്‍ കീഴില്‍ സമ്പദ്ഘടനയെ ക്രമീകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്ത സര്‍ക്കാരിന് വലിയ വിലകൊടുക്കേണ്ടി വന്നു. ഒറ്റ പാര്‍ട്ടി സമ്പ്രദായമായിരുന്നു ബര്‍മ്മയില്‍ (മ്യാന്‍മാര്‍) അന്ന് നില നിന്നുരുന്നത്. ഭരണം ബര്‍മ്മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാര്‍ട്ടിയുടെ നേരിട്ടുള്ള അധീശത്തിന്‍ കീഴിലും. പട്ടിണിയും ദാരിദ്ര്യവുമായിരുന്നു ഫലം.

ഇതിനെതിരെ 1988ല്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭണമായിരുന്നു 8888 കലാപം. ഭരണകൂടം രക്തരൂക്ഷിതാമായി അതിനെ അടിച്ചമര്‍ത്തുകയുണ്ടായി. തിയാനെന്‍ മെന്‍ സ്‌ക്വയര്‍ കലാപത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അതിനെതിരെയുള്ള ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടി. അങ്ങനെ കലാപം സെപ്തംബറില്‍ ‘സമാധാന പുനസ്ഥാപന സംഘ’ത്തിന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിക്കൊണ്ട് പട്ടാളം ഭരണം കൈയ്യടക്കി. ഈ പശ്ചാത്തലത്തിലാണ് സ്യൂച്ചി ദേശീയ പ്രതീകമായി ഉയരുന്നത്.

1988 ആഗസ്റ്റ് 26ന് ലക്ഷക്കണക്കിനു ആളുകളെ സ്യൂച്ചി ഷ്വേദഗോണ്‍ പഗോഡയില്‍ (തലസ്ഥാനം) അഭിസംബോധന ചെയ്തു. എന്നാല്‍ സെപ്റ്റംബറില്‍ പുതിയ പട്ടാള ഭരണം പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്യൂച്ചി നിരാശപ്പെട്ടില്ല. തന്റെ ജനാധിപത്യ പ്രസ്ഥാനവുമായി അവര്‍ മുന്നോട്ടു പോയി. മഹാത്മാഗാന്ധിയുടെ അഹിംസയും ബുദ്ധിസ്റ്റ് ആശയങ്ങളും മുറുകെ പിടിച്ചുകൊണ്ടായിരുന്നു സ്യൂച്ചിയുടെ പോരാട്ടം. അങ്ങനെ 1988 സെപ്റ്റംബറില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) എന്ന സംഘടനയ്ക്ക് രൂപം നല്കി.

പട്ടാളഭരണം എന്‍.എല്‍.ഡിയുടെ ശക്തി പിന്നീട് കണ്ടത് 1990ലെ ദേശീയ പൊതു തെരഞ്ഞടുപ്പിലായിരുന്നു. പട്ടാളഭരണകൂടം തന്നെ നടത്തിയ ഈ ദേശായ പൊതു തെരഞ്ഞെടുപ്പില്‍ ആങ്ങിന്റെ എന്‍.എല്‍.ഡി 59% വോട്ടുകള്‍ കരസ്ഥമാക്കിക്കൊണ്ട് പാര്‍ലമെന്റിലെ 80% സീറ്റുകളും കരസ്ഥമാക്കി. പക്ഷേ അപ്പോഴേയ്ക്കും പട്ടാളം സ്യൂച്ചിയെ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നെ വിവിധ ഘട്ടങ്ങളിലായി 24 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം ഒന്നര പതിറ്റാണ്ടുകാലത്തെ വീട്ടുതടങ്കല്‍. പക്ഷേ ആ പോരാളിയെ തളയ്ക്കാന്‍ ഭരണകൂടത്തിനായില്ല. കാരണം ലോക മനസാക്ഷി അവര്‍ക്കൊപ്പമുണ്ടായിരുന്നു. സര്‍വ്വോപരി മ്യാന്‍മാറിലെ ജനങ്ങളുടെ പുത്രിയും സഹോദരിയും അമ്മയുമൊക്കെയായി അവരുടെ ഹൃദയത്തില്‍ ഈ പോരാളി സൈ്വര വിഹാരം നടത്തുകയായിരുന്നു.

തെരഞ്ഞടുപ്പില്‍ ജയിച്ചെങ്കിലും പട്ടാള ഭരണകൂടം ആ  തെരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും അധികാരം വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സര്‍വ്വകലാശാലാ കെട്ടിടത്തില്‍ വീട്ടുതടങ്കല്‍. അക്കാലത്താണ് സ്യൂച്ചിക്ക് 1990ല്‍ സ്വാതന്ത്ര്യത്തിനുള്ള സഖരോവ് പ്രൈസ് ലഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം നൊബൈലും സ്യൂച്ചിക്ക് ലഭിച്ചു.

പലതരത്തിലുള്ള അന്തര്‍ ദേശീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് സ്യൂച്ചിക്ക് മോചനം ലഭിക്കുന്നത്. 2012ല്‍ സ്യൂച്ചിയും എന്‍.എല്‍.ഡിയും തെരഞ്ഞടുപ്പില്‍ മത്സരിച്ചു. ലോകം ഉറ്റുനോക്കിയ തെരഞ്ഞടുപ്പായിരുന്നുവത്. മത്സരിച്ച 45 സീറ്റുകളില്‍ 42ലും വന്‍വിജയം സ്യൂച്ചിയും കൂട്ടരും കരസ്ഥമാക്കി. എല്ലാവരും സ്യൂച്ചിയെ രാജ്യത്തിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് പ്രതീക്ഷിച്ചു. എന്നാല്‍ അവര്‍  ആദ്യമതിനു തയ്യാറായില്ല. കാരണം ജനാധിപത്യത്തിന് വഴങ്ങാത്ത ഭരണഘടനതന്നെ മാറ്റിയെഴുതാതെ ആ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞചെയ്തിട്ട് കാര്യമില്ലെന്ന് സ്യൂച്ചി ലോകത്തോട് വിളിച്ചു പറഞ്ഞു. ‘ഞങ്ങള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല മറിച്ച് ഞങ്ങളുടെ സത്യപ്രതിജ്ഞാ വാചകങ്ങള്‍ക്ക് താദാത്മ്യപ്പെടാനാവുന്ന ഒരു ഭരണഘടന നിലവില്‍ വന്നിട്ടേ ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യൂ എന്നു മാത്രമാണ് ഇതിനര്‍ത്ഥം’, സ്യൂച്ചി ഫ്രീ ഏഷ്യാ റേഡിയോയിലൂടെ പ്രഖ്യാപിച്ചു. എന്നാല്‍ ഏപ്രില്‍ ഒന്നിന് സ്യൂച്ചിയടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ പ്രതിജ്ഞ ചൊല്ലി. ബഹിഷ്‌ക്കരിക്കുന്നതിനേക്കാള്‍ പാര്‍ലമെന്റില്‍ പങ്കെടുത്താല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് തോന്നിയതുകൊണ്ടാകാം സ്യൂച്ചി സത്യപ്രതിജ്ഞ ചെയ്തത് എന്നാണ് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ രാജ്യത്തെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് തന്നെ ഭരണകൂടത്തിന് എന്നും തല വേദനയായിരുന്നു സൂച്ചി. സ്യൂച്ചി രാജ്യത്തിനു പുറത്തു പോകാതിരുന്നതും അതുകൊണ്ട് തന്നെയായിരുന്നു. ഒരിക്കല്‍ പുറത്തു പോയാല്‍ പിന്നെ രാജ്യത്തേക്ക് ഭരണകൂടം കയറ്റാതിരിക്കും എന്നുള്ള ഭയം ഉണ്ടായിരുന്നു. അത്തരമൊരാശങ്ക അര്‍ത്ഥവത്തുമായിരുന്നു. കാരണം അത് അവിടുത്തെ ജനാധിപത്യ സമരങ്ങള്‍ക്ക് ഗുണകരമായിത്തീര്‍ന്നു. ഇത്തരം കടുംപ്പിടുത്തങ്ങള്‍ക്ക് അയവു വന്നിരിക്കുന്നു മ്യാന്‍മാറില്‍ എന്നാണ് സ്യൂച്ചിയുടെ ഇപ്പോഴത്തെ വിദേശ പര്യടനത്തിലൂടെ നമുക്ക്  അനുമാനിക്കാന്‍ കഴിയുന്നത്.

Advertisement