എഡിറ്റര്‍
എഡിറ്റര്‍
മ്യാന്‍മാറിലെ റോഹിംഗ്യാ-ബുദ്ധ കലാപം അന്തര്‍ദേശീയ ദുരന്തം: ആങ് സാന്‍ സ്യൂചി
എഡിറ്റര്‍
Friday 16th November 2012 9:00am

ന്യൂദല്‍ഹി: മ്യാന്‍മാറില്‍ റോഹിംഗ്യാകളും  ബുദ്ധമത വിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷം അന്തര്‍ദേശീയ ദുരന്തമാണെന്ന് മ്യാന്‍മാര്‍ പ്രതിപക്ഷ നേതാവ് ആങ് സാന്‍ സ്യൂചി. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാതെ സംഘര്‍ഷം തടയാന്‍ സാധിക്കില്ലെന്നും സ്യൂചി പറഞ്ഞു.

Ads By Google

സ്യൂചിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മ്യാന്‍മാറില്‍ നിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ബംഗ്ലാദേശും ബംഗ്ലാദേശില്‍ നിന്നുള്ളവാരാണ് പ്രശ്‌നക്കാരെന്ന് മ്യാന്‍മാറും പരസ്പരം ആരോപിക്കുന്നു.

പക്ഷേ, ഈ വിഷയത്തില്‍ ഏതെങ്കിലും ഒരു വിഭാഗക്കാരെ പിന്തുണക്കാനോ കുറ്റപ്പെടുത്താനോ സാധിക്കില്ല. ഇരുവിഭാഗവും തമ്മിലുള്ള ഐക്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതും നല്‍കുന്നതുമെന്നും സ്യൂചി പറഞ്ഞു.

റോഹിംഗ്യാകളുടെ പൗരത്വം സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടേകേണ്ടതെന്നാണെന്ന തന്റെ വാദത്തെ പിന്താങ്ങുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷമെന്നും അവര്‍ പറഞ്ഞു.

സ്വന്തം നാട്ടില്‍ നടക്കുന്ന അക്രമത്തെ കുറിച്ച് മൗനം പാലിച്ചതിന് സ്യൂചി ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.

കഴിഞ്ഞ ജൂണില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് പാലായനം ചെയ്തത്. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി നിരപരാധികളും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഏകദേശം എട്ട് ലക്ഷത്തോളം റോഹിംഗ്യാ വിഭാഗക്കാരാണ് മ്യാന്‍മാറിലുള്ളത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് ഇവരെന്ന് കുറ്റപ്പെടുത്തിയാണ് മ്യാന്‍മാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് പൗരത്വം നിഷേധിക്കുന്നതും ഇവരോട് കടുത്ത വിവേചനം കാണിക്കുന്നതും. ലോകത്തിലെ ഏറ്റവും പീഡിതരായ സമൂഹമായാണ് റോഹിംഗ്യാകളെ മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നത്.

Advertisement