എഡിറ്റര്‍
എഡിറ്റര്‍
സ്യൂചി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Wednesday 14th November 2012 4:29pm

ന്യൂദല്‍ഹി: മ്യാന്‍മര്‍ ജനാധിപത്യ നായിക ആങ് സാന്‍ സ്യൂചി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. മ്യാന്‍മറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നു.

Ads By Google

മ്യാന്‍മറില്‍ ജനാധിപത്യം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇന്ത്യയുടെ പിന്തുണ സ്യൂചി അഭ്യര്‍ഥിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തിപ്പെടുത്തേണ്ട ബന്ധത്തിലും മ്യാന്‍മറിലെ രാഷ്ട്രീയ ഗതിമാറ്റങ്ങളിലും ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ചര്‍ച്ച.

നേരത്തേ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി സ്യൂചി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിലും സ്യൂചി സ്മരണാഞ്ജലി അര്‍പ്പിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് ഇന്നലെയാണ് ആറുദിവസത്തെ സന്ദര്‍ശനത്തിന് അവര്‍ ദല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി സ്വീകരിച്ചു.

തന്റെ സന്ദര്‍ശനത്തില്‍ സ്യൂചി ഏറെ സംതൃപ്തി പ്രകടിപ്പിച്ചു. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് വന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നതായി സ്യൂചി പറഞ്ഞു. ദല്‍ഹിയിലെ വിവിധയിടങ്ങള്‍ തനിക്ക് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നത് ആഹ്ലാദം പകരുന്നതായും സ്യൂചി പറഞ്ഞു.

ഇന്ന് വൈകുന്നേരം ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്തുന്ന സ്യൂചി 10 ജന്‍പഥില്‍ സോണിയാ ഗാന്ധി നല്‍കുന്ന വിരുന്നിലും പങ്കെടുക്കും.

മ്യാന്മറിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഓഫ് ഡെമോക്രസിയുടെ അധ്യക്ഷയാണ് സ്യൂചി. സ്യൂചിയുടെ അമ്മ കിന്‍ യി നാല് പതിറ്റാണ്ടുമുമ്പ് ഇന്ത്യയിലെ ബര്‍മയുടെ സ്ഥാനപതിയായിരുന്നു. അക്കാലത്ത് സ്യൂചി നിരവധി വര്‍ഷം ഇന്ത്യയില്‍ ചെലവിട്ടിരുന്നു. അന്ന് പഠിച്ച ലേഡി ശ്രീറാം കോളജ് വെള്ളിയാഴ്ച സന്ദര്‍ശിക്കും.

ദല്‍ഹിക്ക് പുറമെ ബംഗളൂരുവിലും സ്യൂചി പോവുന്നുണ്ട്. അവിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്, ഇന്‍ഫോസിസ് എന്നിവ സന്ദര്‍ശിക്കും. ഗ്രാമീണ വനിതകളുടെ ശാക്തീകരണത്തിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്താന്‍ ആന്ധ്രപ്രദേശിലെ ചില ഉള്‍നാടന്‍ പ്രദേശങ്ങളിലും പോവും.

Advertisement