മ്യാന്‍മര്‍: രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയത്ത് റോഹിങ്ക്യന്‍ എന്നും പറയാതിരുന്നതിന് വിശദീകരണവുമായി മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചി രംഗത്ത്. റാഖൈനിലെ മുസ്‌ലിംകളെ ഏതു പേരുപയോഗിച്ചു അഭിസംബോധന ചെയ്യണമെന്ന വിവാദം നിലനില്‍ക്കുകയാണെന്നാണ് സൂചി പറഞ്ഞു.

റാഖൈനില്‍ ചിലര്‍ രോഹിങ്ക്യകളെന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ക്ക് അത് താല്‍പ്പര്യമില്ല. ചിലര്‍ക്കു ബംഗാളികളെന്നു വിളിക്കപ്പെടാനാണു താല്‍പ്പര്യം. റാഖൈന്‍ വംശജരല്ലാത്തതുകൊണ്ടാണത്. അതുകൊണ്ടാണ് അവരെ മുസ്‌ലിംങ്ങള്‍ എന്നു മാത്രം വിളിച്ചത്. അതു നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. റാഖൈനിലെ സമൂഹത്തെക്കുറിച്ചാണു താന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ഇനിയും വഷളാക്കുന്ന പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരര്‍ത്ഥവും കാണുന്നില്ലെന്നും സൂചി വിശദീകരിച്ചു.


Also Read  റോഹിങ്ക്യന്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കണം: വി.എച്ച്.പി


ചൊവ്വാഴ്ചയായിരുന്നു സൂചി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ചത്. റോഹിങ്ക്യയിലെ അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയപ്പെടുന്നില്ലെന്നും എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും അപലപനീയമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൂചി പറഞ്ഞിരുന്നു.

രാജ്യം വിട്ട് ഒട്ടേറെ മുസ്‌ലിംകള്‍ പലായനം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. എന്തു കൊണ്ടാണ് ഇത്തരമൊരു പലായനമെന്ന് അന്വേഷിക്കും. പലായനം ചെയ്തവരോടും ഇവിടെ തുടരുന്നവരോടും സംസാരിക്കണമെന്നുണ്ട്. റാഖൈനിലെ വളരെ ചെറിയ വിഭാഗം മുസ്‌ലിംകള്‍ മാത്രമേ പലായനം ചെയ്തിട്ടുള്ളൂ. ഭൂരിപക്ഷവും അവിടെത്തന്നെ തുടരുകയാണ്. അവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നു എന്നായിരുന്നു സൂചി ഇന്നലെ പറഞ്ഞത്.