Administrator
Administrator
ആഗസ്ത് ഒന്നിന് ചവിട്ടിയരക്കാന്‍ ആഗസ്ത് 15
Administrator
Monday 28th March 2011 9:18pm

ജിന്‍സി ബാലകൃഷ്ണന്‍

മലയാള സിനിമയ്ക്ക് കുറച്ചുകാലമായി ഒരു സൂക്കേട് തുടങ്ങിയിട്ട്. വേറൊന്നുമല്ല ഒരു നൊസ്റ്റാള്‍ജിയ. ആദ്യ കാലത്തെ മലയാള സിനിമകാണുമ്പോള്‍ അത് ഇപ്പൊഴായിരുന്നെങ്കില്‍ എന്നൊരു തോന്നല്‍. അതാണ് ആഗസ്ത് പതിനഞ്ചിന്റ പിറവിയ്ക്കു പിന്നിലെ ചരിത്ര സത്യം…

‘ഈ ചിത്രത്തിലെ കഥയ്ക്കും കഥാപാത്രത്തിനും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളോട് യാതൊരു സാമ്യവുമില്ല’ ഈ ഡയലോഗ് പേര് കാണിക്കുമ്പോള്‍ വെണ്ടക്ക വലുപ്പത്തില്‍ കൊടുത്തിട്ടുണ്ട്. കൂടെ വി.എസ് , പിണറായി, കോടിയേരി തുടങ്ങിയ ധീരസഖാക്കള്‍ക്കുള്ള നന്ദിയും. ഇതെന്തിനാണെന്ന് തുടക്കം മനസിലാവില്ല. എന്നാല്‍ അവസാനം തീര്‍ച്ചയായും മനസില്‍ ലഡു പൊട്ടും.ഒന്നല്ല രണ്ട് ലഡു

23വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി (സുകുമാരന്‍) യെ രക്ഷിക്കാന്‍ ഒരു പെരുമാളെത്തിയിരുന്നു. അന്നാ പെരുമാളിനെ മലയാളക്കരയാകെ സ്‌നേഹിച്ചു. ഇന്നോ

കാലം മാറി, പെരുമാളും മാറി. ബ്ലാക്ക് ആന്റ് വൈറ്റ് ഷര്‍ട്ടും, കാക്കിയും മാത്രം കണ്ടിട്ടുള്ള പോലീസിന്റെ കാലം കഴിഞ്ഞുമോനേ. ഇത് ഫാഷന്‍ കാലമാണ്. പോലീസിനും വേണം മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍. അക്കാര്യത്തില്‍ പെരുമാള്‍ വിജയിച്ചിട്ടുണ്ട്. അത്രയ്ക്ക് ഗ്ലാമറിലല്ലേ സാറിന്റെ നടപ്പും എടുപ്പും.

കേരള മുഖ്യമന്ത്രി വി.ജി സദാശിവന്‍ മരണശയ്യയില്‍ കിടക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നു. മുഖ്യമന്ത്രി മരണത്തോടുമല്ലടിക്കുന്ന കാഴ്ചകാണാന്‍ പാര്‍ട്ടി സഖാക്കളും, മാധ്യമങ്ങളും പോലീസുമെല്ലാം ആശുപത്രിയ്ക്കരികിലുണ്ട്. എന്നാല്‍ ഇക്കൂട്ടരെയെല്ലാം ഞെട്ടിച്ചുകൊണ്ട് വി.ജി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.

പ്രശ്‌നം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. മുഖ്യമന്ത്രിയ്ക്കുണ്ടായ അറ്റാക്ക് ഉണ്ടാക്കിയതാണെന്ന സംശയം. പിന്നീട് അത് ഉറപ്പിക്കുന്നു. അങ്ങനെ കേസന്വേഷിക്കാന്‍ സാക്ഷാല്‍ പെരുമാള്‍ രംഗത്തെത്തുന്നു.

തലനിറയെ ബുദ്ധിയുമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ സവാരി, മുഖത്ത് ഓരോ സീനിലും മാറി മാറി ധരിക്കാന്‍ കൂളിങ് ഗ്ലാസ്, ടെക്സ്റ്റയില്‍ ഷോപ്പിന്റെ പരസ്യത്തിലെന്നപോലെ പുതുപുത്തന്‍ ഷര്‍ട്ടുകളുടെ മായാ ലോകം അതായിരുന്നു പെരുമാള്‍. ദ വണ്‍ ആന്റ് ഓണ്‍ലി ഇന്റലിജന്‍സ് മാന്‍.

കടന്നുവന്നയുടന്‍ ആരംഭിക്കുകയായി അന്വേഷണം. ഒടുക്കത്തെ അന്വേഷണമാണ്. എവിടെ നിന്ന് തുടങ്ങണം, എവിടെ അവസാനിപ്പിക്കണം, ആരുടെ പിറകെ പോകണം ഒരു ലക്ഷ്യവുമില്ല. വേറെയാരെങ്കിലുമാണെങ്കില്‍ പണി നിര്‍ത്തി പോയേനെ. എന്നാല്‍ നമ്മുടെ പെരുമാളിന് ഇതൊന്നുമില്ലെങ്കിലും പുഷ്പം പോലെ ഒരു കേസന്വേഷിക്കാം. ആരും സഹായിക്കാതിരുന്നാല്‍ മതി.

എന്നാല്‍ തമിഴില്‍ രജനീകാന്ത് കാട്ടുന്നതുപോലെ ഒരു ഉണ്ട കൊണ്ട് നാലുപേരെ കൊല്ലാനുള്ള പവ്വറൊന്നും നമ്മുടെ പെരുമാളിനില്ല അത് പ്രത്യേകം എടുത്തുകാട്ടാന്‍ വേണ്ടി പെരുമാള്‍ രാത്രി രണ്ട് മണിക്ക് എണീറ്റ് വിക്കിപീഡിയയില്‍ പോയിസണ്‍ എന്ന് അടിച്ചുനോക്കുന്നുമുണ്ട്. പിന്നെ പണ്ടത്തെ പെരുമാളിനെപ്പോലെ ആളത്ര സീരിയസല്ല. ആ സൈബര്‍ സൈല്ലിലെ പെണ്ണിനോട് കൊഞ്ചുന്നത് കേട്ടാല്‍ ആളിത്തിരി പഞ്ചാരപ്രിയനാണെന്ന് തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല.

ആട്ടിന്‍ തോലിട്ട ചെന്നായാണ് കൊലയാളി (സിദ്ദിഖ്). പള്ളീലച്ചന്റെ വേഷത്തില്‍ ഒളിച്ചു കഴിയുകയാണ്. ഉണക്കമുന്തിരി, കശുവണ്ടി, സിറിഞ്ച്, തോക്ക്, വിഷം എന്നിവയാണ് ആയുധങ്ങള്‍. പക്ഷേ മമ്മൂക്കയോടാണോ കളി. ആളാരാണെന്ന് മനസിലാക്കാന്‍ മമ്മൂക്ക മൂന്നാല് കൂളിങ് ക്ലാസുകളേ മാറ്റിവയ്‌ക്കേണ്ടി വന്നുള്ളൂ. പിന്നെ പുള്ളിയുടെ മുഖത്തിന്റെ പ്രിന്റെടുക്കാനായി ഉറക്കമൊഴിച്ചുള്ള ശ്രമമായിരുന്നു. പലവേഷത്തിലുള്ള 500 ഓളം പ്രിന്റുകളാണ് ഒറ്റ രാത്രികൊണ്ട് മമ്മൂക്ക തയ്യാറാക്കിയത്. ഇനി ഇതില്‍ നിന്നും കൊലയാളിയുടെ യഥാര്‍ത്ഥ ചിത്രം കണ്ടെത്തുകയും വേണം. അതിനായി ചിത്രങ്ങളെല്ലാം ചുമരില്‍ തൂക്കി. പിന്നെ ഡേ,ടേ.ടേ ടേ വെടിയൊച്ചകളായിരുന്നു. അവസാനം വെടികൊണ്ട ഒരേയൊരു ചിത്രം മമ്മൂക്ക ചുമരില്‍ നിന്നും പറിച്ചെടുത്തു. ഇത് തന്നെ കൊലയാളി! എങ്ങനെ ഉറപ്പിച്ചെന്ന് മാത്രം മനസിലായില്ല.

ഇനി മമ്മൂക്കയെ ചെറുതായൊന്നും കോമേഡിയനാക്കാന്‍ ശ്രമിച്ചപ്പോള്‍ ലാലു അലക്‌സിനെ കോമാളി തന്നെയാക്കി. കുറച്ചാശ്വാസം ജഗതിയായിരുന്നു. ആഗസ്ത് 1നെ വെല്ലുന്ന പ്രകടനം.

മുഖ്യമന്ത്രിയുടെ മാഫിയ അലര്‍ജിക്കിരയായവരാണ് കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് നമ്മുടെ പെരുമാളിന് ആദ്യമേ ഉറപ്പായിരുന്നു. ഇടയ്ക്ക് പഞ്ചാരയടിച്ച പെണ്‍കൊച്ചില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ വിശദാംശങ്ങള്‍ക്കു പിറകേ പോയി അത് ഉറപ്പിക്കുകയും ചെയ്തു. പിന്നെ കൂമ്പിനിട്ടിടിയാണ്. പതിവുപോലെ അവരെല്ലാം തുറന്നു പറയുന്നു.

പിന്നെ കൊലയാളിയെ പിടിക്കാനുള്ള ഡിക്ടറ്റീവ് ബുദ്ധികള്‍. ഒടുക്കം മമ്മൂട്ടി ഒറ്റയ്ക്ക് ആ ക്രൂരനെ കീഴടക്കുന്നു. എന്നിട്ടും തീരുന്നില്ല. കഥ തീരുന്നത് പതിവു സ്‌റ്റൈലില്‍ തന്നെ. വില്ലന്‍ അത് വരെ പാവത്താനെ പോലെ കളി ഗ്രൗണ്ടിന് പുറത്ത് നിന്ന് നോക്കിയയാള്‍ തന്നെ. അതുപിന്നെയങ്ങനെയായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എസ്.എന്‍. സ്വാമിയുടേതല്ലേ തിരക്കഥ! ഇതാ പറയുന്നത് കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്ന്.

ഇനി ഈ മഹത്തായ ചലച്ചിത്ര സപര്യയ്ക്ക് രൂപം നല്‍കിയതുവഴി തിരക്കഥാ കൃത്ത് ലക്ഷ്യമിട്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്.

കേരളത്തിലെ സി.പി.ഐ.എമ്മില്‍ പ്രശ്‌നം ഗ്രൂപ്പിസമല്ല. മാധ്യമങ്ങളാണ്. പാവം നേതാക്കളുടെ ആത്മാവില്‍ നിന്നും വരുന്ന മഹത് വചനങ്ങള്‍ വളച്ചൊടിക്കുന്നത് ഇക്കൂട്ടരാണ്. ഇവരെ ചാട്ടക്കിട്ടടിക്കണം.

മുഖ്യമന്ത്രി വി.എസ് അച്യതാനന്ദന്‍, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ എന്നിവരെ മിമിക് ചെയ്യുകയാണെന്ന തരത്തില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. ഇവര്‍ക്കിടയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവര്‍ പരിശുദ്ധരാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ശ്രമം.

തിരക്കഥയില്‍ സായി കുമാര്‍ പറയുന്ന ഒരു ഡയലോഗുണ്ട് ‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു നേതാവാണ് ഞാന്‍. എന്നെ വിമര്‍ശിക്കുന്നവര്‍ക്കു പോലും അറിയാം ഞാന്‍ ശരിയേ ചെയ്യൂ എന്ന്. ‘ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയ തിരക്കഥാ കൃത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഞാനാഗ്രിഹിക്കുന്നില്ല.

ഇന്‍ ഷോട്ട്: 23 വര്‍ഷങ്ങള്‍ക്കുമുമ്പ് ദ ഡേ ഓഫ് ജാക്കാള്‍ എന്ന ഹോളിവുഡ് ക്ലാസിക്കിനെ ആഗസ്ത് 1 ആക്കിയ എസ്.എന്‍.സ്വാമി അതിന് ചവിട്ടിനില്‍ക്കാന്‍ ഒരു ആഗസ്ത് 15 കൂടി തയ്യാറാക്കി.


Advertisement