ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 4-0ത്തിന് ഇംഗ്ലണ്ട് തൂത്തുവാരുമെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. സഹീറിന്റെ അഭാവം ടീമിന്ത്യക്ക് വലിയ നഷ്ടമാണെന്നും സഹീറിന്റെ മടങ്ങിവരവ് മാത്രമാണ് ഇന്ത്യക്ക് ഏക പ്രതീക്ഷയെന്നും വോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ബൗളിംഗ് കുന്തമുനയായ സഹീറിന്റെ അഭാവത്തില്‍ 20 ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തുക എന്നത് ഇന്ത്യയുടെ ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. സഹീര്‍ ഇല്ലെങ്കില്‍ പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കുമെന്നും വോണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐപിഎല്ലാണെന്നും യുവതാരങ്ങള്‍ക്ക് ട്വന്റി-20 ക്രിക്കറ്റിനോടാണ് താല്‍പര്യമെന്നും വോണ്‍ പറഞ്ഞു. നേരത്തേ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കുമെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ ബോതവും വ്യക്തമാക്കിയിരുന്നു. കനത്ത തോല്‍വിയില്‍നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരുമെന്ന് മുന്‍ നായകനായ അലക് സ്റ്റുവര്‍ട്ടും പറഞ്ഞു. നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 0-2ന് പിന്നിലാണ്. മൂന്നാനത്തെ മത്സരം എഡ്ജ്ബാസ്റ്റണില്‍ ആഗസ്റ്റ് 10നി തുടങ്ങും.