റിവേഴ്‌സ് എടുക്കുമ്പോള്‍ കാറിന്റെ പിറകുവശം കാട്ടിത്തരുന്ന ക്യാമറകള്‍ ഇന്ന് സാധാരണമാണ്. റിവേഴ്‌സ് ക്യാമറകള്‍ എന്നറിയിപ്പെടുന്ന ഈ സംവിധാനത്തിന് 3,500 രൂപ മുതല്‍ക്കാണ് വില. എന്നാല്‍ ഈ ക്യാമറ ഫിറ്റ് ചെയ്താലും കാറിന്റെ റിയര്‍വ്യൂ മിറര്‍ ആരും ഊരിമാറ്റാറില്ല. എന്നാല്‍ ഓഡിയുടെ ഏറ്റവും പുതിയ മോഡല്‍ കാര്‍ ആര്‍-8 ഈ സാഹസത്തിന് തയ്യാറായിരിക്കുകയാണ്. ആര്‍-8ന് റിയര്‍വ്യൂ മിറര്‍ ഇല്ല.

Ads By Google

ഫ്രാന്‍സില്‍ എല്ലാവര്‍ഷവും നടക്കുന്ന ലെമാന്‍സ് കാര്‍ റാലിയില്‍ ഓഡിയുടെ ആര്‍-18 മോഡല്‍ അവതരിപ്പിച്ചത് റിയര്‍വ്യൂ മിറര്‍ ഇല്ലാതെയാണ്.

പാസഞ്ചര്‍ കാര്‍ സീരീസിലും ഇതേരീതി പിന്തുടരാനാണ് ഓഡിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ആര്‍-8ല്‍ ഈ സംവിധാനം നടപ്പാക്കിയത്. പിറകിലെ ചില്ല് ഒഴിവാക്കി അടച്ചുമൂടിയ കാറിനുള്ളില്‍ റിയര്‍വ്യൂ മിറര്‍ എന്തിനാണെന്നാണ് ഓഡി അധികൃതര്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടി.

ഇതിന് പകരം കാറിനുള്ളില്‍ ഓഡി ഇ-കണ്ണാടി വെച്ചിട്ടുണ്ട്. കണ്‍ട്രോള്‍ യൂണിറ്റ്, ക്യാമറ, ഡിസ്‌പ്ലേ സംവിധാനം എന്നിവ അടങ്ങുന്നതാണ് ഓഡിയുടെ ഇ-കണ്ണാടി. രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഉറപ്പാക്കാന്‍ ഇതിന് കഴിയും.

തീരെ ചെറിയ അള്‍ട്രാ ലൈറ്റ്‌വെയിറ്റ് ക്യാമറയാണ് ഇതിന് ഉപയോഗിക്കുന്നത്. മില്ലീമീറ്ററുകള്‍ മാത്രം വ്യാസമുള്ള ലെന്‍സ് ഉപയോഗിക്കുന്ന ക്യാമറയ്ക്ക് റിയര്‍വ്യൂ മീററില്‍ കൊള്ളുന്നതിനേക്കാള്‍ ഇരട്ടി സ്ഥലത്തെ കാഴ്ചകള്‍ ഒപ്പിയെടുക്കാനാകും. 7.7 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനാണ് കാറിനുള്ളില്‍ മിററിന്റെ സ്ഥാനത്ത് സ്ഥാപിക്കുക.