2013 ല്‍ വില്‍പ്പന മെച്ചപ്പെടുത്തി പുതുവര്‍ഷത്തിനു മികച്ച തുടക്കം കുറിച്ചതോടെ ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഔഡി.

രണ്ടു വര്‍ഷമായി വില്‍പ്പനയില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്ന ഔഡിക്ക് നിലവില്‍ ആദ്യ സ്ഥാനത്തുള്ള  ബി എം ഡബ്ല്യുവിന്റെ വില്‍പ്പനയിലെ കുറച്ചിലാണ് ആവേശം പകരുന്നത്.

Ads By Google

പുതിയ മോഡലുകള്‍ അവതരിപ്പിച്ചും വിപണനശൃംഖല വിപുലീകരിച്ചും വളര്‍ച്ചാനിരക്കിലെ മുന്നേറ്റം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഔഡി. 2013ല്‍ ഇന്ത്യയില്‍ 10,800 യൂണിറ്റിന്റെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

2012നെ അപേക്ഷിച്ച് 20% അധികമാണിത്. മാത്രമല്ല, ഇന്ത്യയില്‍ 10,000 യൂണിറ്റ് വില്‍പ്പന ലക്ഷ്യമിടുന്ന ആദ്യ കമ്പനിയുമാണ് ഔഡി.

ജനുവരിയെ അപേക്ഷിച്ച് 10.5% വര്‍ധനയോടെ 737 യൂണിറ്റാണ് ഔഡി കഴിഞ്ഞ മാസം വിറ്റത്. പുതിയ ‘ക്യു ഫൈവ്, ‘ആര്‍ എയ്റ്റ് എന്നിവയുടെ അവതരണത്തിന്റെ പിന്‍ബലത്തിലാണു ജനുവരിയില്‍ വില്‍പ്പനയുടെ തുടക്കം മികച്ചതാക്കിയതെന്ന് ഔഡി ഇന്ത്യ മേധാവി മൈക്കല്‍ പെര്‍ഷ്‌കെ വിലയിരുത്തുന്നു.

പുതിയ മോഡല്‍ അവതരണങ്ങളുടെ പിന്‍ബലത്തില്‍ 2012ലെ വില്‍പ്പനയില്‍ 63% വളര്‍ച്ചയാണ് ഔഡി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 8,600 യൂണിറ്റ് വില്‍ക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്തു കമ്പനി രേഖപ്പെടുത്തിയ വില്‍പ്പന 9,003 യൂണിറ്റായിരുന്നു.