തിരുവനന്തപുരം: ആറ്റുകാലമ്മക്ക് പൊങ്കാല ഭക്തലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. രാവില 10.10 നുള്ള മുഹൂര്‍ത്തത്തില്‍ ശ്രീകോവിലിലെ ഭദ്രദീപത്തില്‍നിന്ന് തീ പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നു നല്‍കിയതോടെ ക്ഷേത്ര പരിസരം യാഗകേന്ദ്രമായി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂരിപ്പാടാണ് പൊങ്കാല അടുപ്പിലേക്കുള്ള തീ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ടി എം മുരളീധരന്‍ നമ്പൂതിരിക്ക് പകര്‍ന്നുനല്‍കിയത്. ഇതിനുശേഷം തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നുനല്‍കിയ തീ പച്ചപ്പന്തലിന് മുന്നില്‍ തോറ്റംപാട്ടുകാര്‍ ഒരുക്കിയ പണ്ടാരഅടുപ്പില്‍ പകര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു. ഈ സമയം ഉച്ചഭാഷിണിയിലൂടെ, ലക്ഷക്കണക്കിനായ പൊങ്കാലഅടുപ്പുകളിലേക്ക് തീ പകരാന്‍ അറിയിപ്പ് നല്‍കി.

പൊങ്കാല അര്‍പ്പിക്കാനായി ശനിയാഴ്ച രാവിലെ മുതല്‍ ഭക്തര്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3.15 ന് പൊങ്കാല നിവേദ്യം ഹെലികോപ്ടറില്‍നിന്ന് ഭക്തര്‍ക്ക് വിതരണം ചെയ്തു. പൊങ്കാല നിവേദിക്കുന്നതിന് 250 ലേറെ ശാന്തിക്കാരെയാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 7 ന് കുത്തിയോട്ടവും ചൂരല്‍കുത്തും നടക്കും.

Subscribe Us: