എഡിറ്റര്‍
എഡിറ്റര്‍
ദാവൂതിന്റെ ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്ന് സഞ്ജയ് ദത്ത്
എഡിറ്റര്‍
Wednesday 15th August 2012 9:06am

ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂത് ഇബ്രാഹിം ദുബായില്‍ സംഘടിപ്പിച്ച ഡിന്നറില്‍ താന്‍ പങ്കെടുത്തെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. എന്നാല്‍ അദ്ദേഹവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്നും സഞ്ജയ് സുപ്രീംകോടതിയെ അറിയിച്ചു. 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദത്ത് സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി.

Ads By Google

‘ 1993ലെ മുംബൈ സ്‌ഫോടനത്തിന് മുമ്പ് രണ്ട് നിര്‍മാതാക്കള്‍ക്കൊപ്പം ദാവൂദിന്റ വീട്ടില്‍ ഒരു ഡിന്നറില്‍ പങ്കെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇതിനപ്പുറം അദ്ദേഹവുമായി എനിക്ക് യാതൊരു ബന്ധവുമല്ല.’ സഞ്ജയ് ദത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി.എസ് ചൗധരി എന്നിവരാണ് കേസ് പരിഗണിച്ചത്. കുറ്റസമ്മതമൊഴിയില്‍ പറയുന്നത് പോലെ സഞ്ജയ് ദത്ത് ദാവൂദിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് സാല്‍വെ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ദാവൂതുമായോ മുഖ്യ ഗൂഢാലോചനകനെന്ന ആരോപണം നേരിടുന്ന ടൈഗര്‍മേനോനുമായോ ദത്തിന് യാതൊരു ബന്ധവുമില്ലെന്നും സാല്‍വെ കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് 2011 നവംബര്‍ ഒന്നിന് കേസ് പരിഗണിച്ച സുപ്രീംകോടതി 12 പേര്‍ക്ക് വധശിക്ഷയും 78 പേര്‍ക്ക് വിവിധ കാലയളവിലുള്ള ജയില്‍ശിക്ഷയും വിധിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വെച്ചെന്ന കുറ്റത്തിന് സഞ്ജയ് ദത്തിന് സുപ്രീംകോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ദത്ത് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

Advertisement