ന്യൂദല്‍ഹി: ഇന്ത്യന്‍ പീനല്‍കോഡില്‍ നിന്നും സെക്ഷന്‍ 309 എടുത്തുമാറ്റുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആത്മഹത്യാശ്രമം ക്രിമിനല്‍കുറ്റമാണെന്നാണ് സെക്ഷന്‍ 309 ല്‍ പറയുന്നത്. ഈ കോഡില്‍ നിന്നും ക്രിമിനല്‍ പ്രൊവിഷന്‍ എടുത്തുമാറ്റാനുള്ള നിയമ കമ്മിഷന്റെ ശുപാര്‍ശ 25 സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്.

സെക്ഷന്‍ 309ലെ ക്രിമിനല്‍ പ്രൊവിഷന്‍ എടുത്തുമാറ്റണമെന്ന് 2008ലെ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കുടുംബത്തിലെ പ്രശ്‌നങ്ങളോ, പ്രിയ്യപ്പെട്ടവരുടെ വേര്‍പാടോ അതുപോലുള്ള മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ കാരണമോ സ്വയം ജീവന്‍വെടിയാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നത് യുക്തിയല്ലെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. ഇതുപോലുള്ള കേസില്‍ ഈ നിര്‍ഭാഗ്യവാന്‍മാര്‍ക്ക് അനുകമ്പയും കൗണ്‍സിലിംങ്ങും ശരിയായ ചികിത്സയുമാണ് നല്‍കേണ്ടത്. അവരെ തടവറയില്‍ ഇടുകയല്ല വേണ്ടതെന്നും കമ്മീഷന്‍ പറയുന്നു.

എന്നിരുന്നാലും പെട്ടൊന്നൊരു നിയമനിര്‍മാണം നടത്താന്‍  കേന്ദ്രസര്‍ക്കാര്‍മാത്രം വിചാരിച്ചാല്‍ നടക്കില്ല   എന്നതിനാല്‍ പീനല്‍കോഡില്‍ നിന്നും ഈ പ്രൊവിഷന്‍ എടുത്തുമാറ്റാനായി ഒരുവര്‍ഷമോ അതിലധികമോ എടുക്കും. ക്രിമിനല്‍ ലോ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അഭിപ്രായം ആരായേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന് മറുപടിയായി ദല്‍ഹി സര്‍ക്കാരുള്‍പ്പെടെയുള്ള 25 സംസ്ഥാന സര്‍ക്കാരുകള്‍ പോസിറ്റീവായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബീഹാര്‍, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ ഈ ശുപാര്‍ശയെ എതിര്‍ക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സീനിയര്‍ സ്റ്റാന്റിംങ് കൗണ്‍സല്‍ ജതന്‍ സിംങ് ബുധനാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഇതിന്റെ ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 309 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അത് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യവ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായാണ് സിംങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷനില്‍ ജോലിചെയ്യുന്നയാളാണ് ഹരജി സമര്‍പ്പിച്ചത്. ആത്മഹത്യ ചെയ്യുന്നവര്‍ ശിക്ഷയെക്കാള്‍ അനുകമ്പയാണ് അര്‍ഹിക്കുന്നത് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇത് പിന്നീട് സുപ്രീംകോടതിയിലെത്തിയപ്പോള്‍ നിയമകമ്മീഷനും ഹൈക്കോടതിയും പ്രൊവിഷന്‍ എടുത്തുമാറ്റുന്നതിനെ അനുകൂലിക്കുകയും ചെയ്തു.