അലിഗഡ്: ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യയുടെ ഉടമസ്ഥതിലുള്ള മദ്രസയിലെ കുടിവെള്ളത്തില്‍ വിഷംകലര്‍ത്താന്‍ ശ്രമം. അലിഗഡിലെ മദ്രസയിലാണ് സംഭവം.

മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഫ്‌സല്‍ വെള്ളം കുടിക്കാനായി കൂളറിനടുത്ത് ചെന്നപ്പോഴാണ് രണ്ട് പേര്‍ കുടിവെള്ളത്തില്‍ എലിവിഷം കലക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കുട്ടിയ്ക്ക് നേരെ തോക്ക് ചൂണ്ടി സംഘം രക്ഷപ്പെടുകയുമായിരുന്നു.

ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മാ അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള ഈ മദ്രസയില്‍ 3,600 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


Dont Miss റോഹിങ്ക്യരെ പിന്തുണച്ചതിന് മുസ്‌ലിം നേതാവിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു


സംഭവത്തില്‍ പങ്കാളികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലോക്കല്‍ പൊലീസ് പറഞ്ഞതായി മദ്രസ പി.ആര്‍.ഒ റാഷിദ് അലി പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജായ ജാവേദ് ഖാന്‍ പറഞ്ഞത്. കേസ് ഗുരുതരമാണെന്നും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഫ്‌സല്‍ എന്ന വിദ്യാര്‍ത്ഥി വെള്ളം കുടിക്കാനായി കൂളറിനടുത്ത് ചെന്നപ്പോഴാണ് രണ്ടുപേര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നത് കണ്ടത്. കുട്ടി ഓടി തന്റെ അടുത്ത് വരികയും കാര്യം പറയുകയുമായിരുന്നു. ഉടന്‍ തന്നെ തങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചെന്നും മദ്രസാ വാര്‍ഡന്‍ ജുനൈദ് സിദ്ദിഖി പറഞ്ഞു.