പാലക്കാട്: അട്ടപ്പാടിയില്‍ കാറ്റാടിയന്ത്രക്കമ്പനി ആദിവാസി ഭൂമി കയ്യേറിയതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രദേശത്ത് തെളിവെടുപ്പ് തുടങ്ങി. ഒറ്റപ്പാലം ആര്‍ ഡി ഒ കെ വി വാസുദേവന്‍, ഡി എഫ് ഒ ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.

ഭൂമി അന്യാധീനപ്പെട്ട ആദിവാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും, സന്നദ്ധസംഘടനകളില്‍ നിന്നുമാണ് സംഘം തെളിവെടുക്കുന്നത്. തെളിവെടുപ്പില്‍ പങ്കെടുക്കാനായി നൂറ് കണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. കാറ്റാടി കമ്പനി ഭൂമി കയ്യേറിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് സൂചന. കയ്യേറ്റക്കാരില്‍ വേറെ ആരെങ്കിലുമുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. കയ്യേറ്റക്കാരില്‍ വനം വകുപ്പുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പാലക്കാട്ട് അട്ടപ്പാടിയില്‍ ആദിവാസികളുടെ സ്ഥലവും വനഭൂമിയും സ്വകാര്യ കാറ്റാടി വൈദ്യുതികമ്പനി തട്ടിയെടുത്ത പ്രശ്‌നത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം ഇന്നലെ ഉത്തരവിട്ടിരുന്നു.