attappadi

പാലക്കാട്: അട്ടപ്പാടിയിലെ എല്ലാ ആദിവാസികളും വിളര്‍ച്ചാബാധിതരാണെന്ന് പഠനറിപ്പോര്‍ട്ട്.

ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലെ മെഡിസിന്‍സ് വിഭാഗം മേധാവി ഡോ. പികെ ശശിധരന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് വെളിപ്പെടുത്തല്‍.

ശിശുമരണങ്ങള്‍ സംഭവിച്ചത് പോഷകാഹാരക്കുറവു മൂലമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. കിര്‍ത്താഡ്സിനുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.കെ. ശശിധരനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Ads By Google

ഒന്നുമുതല്‍ 75 വയസുവരെ പ്രായക്കാരായ 104 പേരെ നേരില്‍ കണ്ടതില്‍ പ്രായഭേദമന്യേ ആദിവാസികളെല്ലാം അനീമിയ ബാധിതരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

62 ശതമാനം പേര്‍ക്ക് വൈറ്റമിന്‍ എ യുടെ കുറവും 54 ശതമാനം പേര്‍ക്ക് ഇരുമ്പിന്റെ കുറവും ഉണ്ട്. കുടിവെള്ളം പോലും ലഭിക്കാത്തവരാണ് 60 ശതമാനം പേരും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി സമീകൃത ആഹാരം ലഭിക്കുന്നുമില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാക്കിയിരുന്ന വിഭാഗം ഭൂമി നഷ്ടപ്പെട്ടതോടെ കൂലിപ്പണിക്കാരായി മാറുകയും ചെയ്തു.

അട്ടപ്പാടിയില്‍ 62 ശതമാനത്തിന് വൈറ്റമിന്‍ എ യുടെ കുറവും 52 ശതമാനത്തിന് ഇരുമ്പിന്റെയും കുറവുണ്ട്. ശിശുമരണത്തിന് കാരണം ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കാത്തതുകാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിശുമരണത്തിലൂടെ അട്ടപ്പാടിയില്‍ സംഭവിക്കുന്നത് നിശബ്ദ വംശഹത്യയാണെന്ന് ഡോ. ഇക്ബാല്‍ അടുത്തിടെ പറഞ്ഞിരുന്നു. അട്ടപ്പാടിയിലെ ആദിവാസിശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ പഠനംനടത്താന്‍ സി.പി.ഐ.എം. സംസ്ഥാനസമിതി നിയോഗിച്ച ആറംഗ ഡോക്ടര്‍ സംഘത്തിന്റെ തലവനാണ് ഡോ. ഇക്ബാല്‍.

അത്യന്തം ഗുരുതരമാണ് അട്ടപ്പാടിയിലെ സ്ഥിതിവിശേഷമെന്നും ഡോ. ഇക്ബാല്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അട്ടപ്പാടിയിലെ നിലവിലെപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവുമാദ്യം ചെയ്യേണ്ടത് യുവ ഐ.എ.എസ്. ഓഫീസറെ പൂര്‍ണവും സ്വതന്ത്രവുമായ ചുമതലനല്‍കി നോഡല്‍ ഓഫീസറായി നിയമിക്കയാണ് വേണ്ടതെന്ന് ഡോ.ബി. ഇക്ബാല്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസിസമൂഹം വംശനാശത്തിലേക്കാണ് നീങ്ങുന്നത്. അവിടത്തെ ശിശുമരണനിരക്ക് ദേശീയശരാശരിക്കും മുകളിലാണ്.

മൂലയൂട്ടന്ന അമ്മമാരും ഗര്‍ഭിണികളുമടക്കമുള്ള സ്ത്രീകളില്‍ 99 ശതമാനവും വിളര്‍ച്ചയുള്ളവരാണ്. 21 വയസ്സുള്ള സ്ത്രീകള്‍ക്ക് പന്ത്രണ്ടുകാരിയുടെ ഭാരമേയുള്ളൂ.

നവജാതശിശുക്കളില്‍ ഭൂരിപക്ഷത്തിനും 600 മുതല്‍ 800  ഗ്രാം മാത്രമാണ് തൂക്കം. കാലം തികയാതെ പ്രസവിക്കുന്നതിനു പുറമേ ഗര്‍ഭമലസുന്ന സ്ത്രീകളുടെ എണ്ണവും ക്രമാതീതമാണ്.

നാലുവര്‍ഷത്തോളമായി മേഖലയില്‍ ഗര്‍ഭിണികള്‍ക്ക് അയേണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കുന്നില്ലെന്ന് സംഘം കണ്ടെത്തിയതായി ഡോ. ഇക്ബാല്‍ പറഞ്ഞു.

ഇപ്പോള്‍ ഇന്‍ഫറോണ്‍ ഇന്‍ജക്ഷനാണ് നല്‍കുന്നത്. നല്ല കായികശേഷിയില്ലാത്തവര്‍ക്ക് അതികഠിനമായ വേദനയും പേശികളില്‍ പഴുപ്പും ഉണ്ടാക്കുന്നതാണിത്. ഇതിനുപകരമായി അയേണ്‍ ഡുക്രോസാണ് നല്‍കേണ്ടത്.

അട്ടപ്പാടിയില്‍ 578 ഗര്‍ഭിണികള്‍, 509 മുലയൂട്ടുന്ന അമ്മമാര്‍, 3900 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മൂന്നുവയസ്സിനും ആറുവയസ്സിനുമിടയിലുള്ള 5969 കുട്ടികള്‍ എന്നിങ്ങനെ പതിനായിരത്തില്‍പ്പരം പേരാണ് പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍.

ഒരു ഗര്‍ഭിണിക്ക് അയേണ്‍ഫോളിക് ഗുളിക ഒരു വര്‍ഷം നല്‍കാനുള്ള ചെലവ് 10 രൂപയാണ്. എന്നിട്ടും രണ്ടുവര്‍ഷമായി ഇതില്ല. പകരം ഇന്‍ഫറോണ്‍ ഇന്‍ജക്ഷന്‍ ചിലയിടങ്ങളില്‍ നല്‍കുന്നു.

2002ല്‍ ഏറ്റവും നല്ല ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പുതൂര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മറ്റ് ജീവനക്കാരില്ല. ഡോക്ടര്‍ക്കാകട്ടെ താമസസൗകര്യവുമില്ല.

അട്ടപ്പാടിയില്‍ നല്ലൊരു ഏജന്‍സിയെക്കൊണ്ട് സമഗ്ര ആരോഗ്യസര്‍വേ നടത്തണമെന്നും ഡോ. ഇക്ബാല്‍ പറഞ്ഞു.