തിരുവന്തപ്പുരം: പ്രതിപക്ഷത്തിരുന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ നിയമം നോക്കേണ്ട കാര്യമില്ലായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല കാര്യങ്ങളും ഇപ്പോള്‍ തുറന്നു പറയാനാവില്ല. അട്ടപ്പാടിയില്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ശാന്തമായി നീങ്ങും. ചെങ്ങറയിലെയും മൂലമ്പള്ളിയിലെയും ഭൂസമരം യാതൊരു എതിര്‍പ്പും കൂടാതെ പരിഹരിക്കാന്‍ സാധിച്ചു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

1964ലെ ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് അനുസരിച്ച് ആദിവാസികള്‍ക്കു ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു നല്കും. ആറു വില്ലേജുകള്‍ ചേരുന്നതാണ് അട്ടപ്പാടി ഭൂപ്രദേശം. ഇതില്‍ മൂന്നു വില്ലേജുകളിലെ റീ സര്‍വേ പൂര്‍ത്തിയായി. രണ്ടു വില്ലേജുകളിലെ സര്‍വേ അന്തിമഘട്ടത്തിലാണ്. ഈ വില്ലേജുകളിലെ റീസര്‍വേ അടിയന്തരമായി പൂര്‍ത്തിയാക്കി ആദിവാസികള്‍ക്ക് അവരുടെ ഭൂമിക്കു പട്ടയം നല്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടുപോകാന്‍ അനുവദിക്കില്ല. 60 വര്‍ഷമായി ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണു നടത്തുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ നിരവധി ഭൂപ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.