തിരുവന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടികമ്പനി കൈയ്യേറിയ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. കമ്പനി കൈയ്യേറിയ ഭുമി ആദിവാസികളുടേത് തന്നെയാണ് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ഭൂമി അന്യാധീനപ്പെട്ട ആദിവാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും, സന്നദ്ധസംഘടനകളില്‍ നിന്നുമാണ് സംഘം തെളിവെടുത്തത്. തെളിവെടുപ്പില്‍ പങ്കെടുക്കാനായി നൂറ് കണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരില്‍ വേറെ ആരെങ്കിലുമുണ്ടോയെന്നും സംഘം പരിശോധിച്ചിരുന്നു.

ഇതിനുമുന്‍പ് കലക്ടറും ആര്‍.ഡി.യോയുമൊക്കെ ഇക്കര്യം അന്വേഷിച്ചിരുന്നു. കാറ്റാടി കമ്പനിയുടെ കൈവശമുള്ള ഭൂമി ആദിവാസികളുടേതാണെന്ന് ഏറെക്കുറേ വ്യക്തമായിരുന്നു.

വിഴിഞ്ഞം തുറമുഖം സംബന്ധിച്ച അനിശ്ചിതത്വം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷിഫി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെപറ്റി പിന്നീട് ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തില്‍ മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്ന ധനം സമാഹരിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.