എഡിറ്റര്‍
എഡിറ്റര്‍
അട്ടപ്പാടി ശിശുഹത്യ ലജ്ജാകരമെന്ന് കേന്ദ്രഗിരിവര്‍ഗ മന്ത്രി
എഡിറ്റര്‍
Tuesday 11th June 2013 9:21am

attappadi

ന്യൂദല്‍ഹി: അട്ടപ്പാടിയിലെ ശിശുമരണം ലജ്ജാകരമാണെന്ന് കേന്ദ്ര ഗിരിവര്‍ഗ മന്ത്രി കിഷോര്‍ ചന്ദ്രദേവ്. അട്ടപ്പാടി ഉടന്‍ സന്ദര്‍ശിക്കുമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട മന്ത്രാലയുമായി ചേര്‍ന്ന് ശിശുമരണം തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ആദിവാസികളുടെ ക്ഷേമകാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവുമുള്‍പ്പെടെ പ്രതിക്കൂട്ടിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. അവര്‍ക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യം നോക്കിയാല്‍ അട്ടപ്പാടിയില്‍ സംഭവിച്ചതുപോലെയുള്ള സ്ഥിതിയുണ്ടാകരുതായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രി ജയറാംരമേശും താനും മന്ത്രിമാരും അട്ടപ്പാടിയില്‍ പോയത് ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തതുകൊണ്ടുമാത്രമാണ്. കേന്ദ്രമന്ത്രി ജയറാംരമേശ് 112 കോടി സഹായം പ്രഖ്യാപിച്ചത് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയതുകൊണ്ടുമാത്രമാണ്.

ആദിവാസികള്‍ അരിയെക്കാള്‍ കൂടുതല്‍ റാഗിയാണ് ഇഷ്ടപ്പെടുന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസുമായി ചര്‍ച്ചചെയ്ത് റാഗി വാങ്ങാന്‍ മാത്രമായി 153 ലക്ഷം രൂപ നല്‍കി.

റേഷന് പുറമെ 10 കിലോ റാഗിയും രണ്ടുകിലോ ചെറുപയറും നല്‍കി. കുടുംബശ്രീവഴി 50 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി ആദിവാസി ഊരുകളില്‍ ശിശുമരണ നിരക്ക് കൂടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

റൈറ്റ്‌സ് എന്ന സംഘടനയ്ക്കുവേണ്ടി തിരുവനന്തപുരം സ്വദേശി വി.ബി.അജയകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം.

2007നുശേഷം അട്ടപ്പാടിയില്‍ 92 ശിശുമരണം നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് കരുതുന്നത്.

ആദിവാസി ക്ഷേമത്തിനുവേണ്ടി ഒട്ടേറെ പദ്ധതികളില്‍ വന്‍തുക ചെലവിടുമ്പോഴും പോഷകാഹാരക്കുറവുണ്ടാകാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അട്ടപ്പാടിയിലെ 187 ആദിവാസി ഊരുകളില്‍ സര്‍വേ നടത്താന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും ഹരജിയിലുണ്ട്. ആദിവാസികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുകയും വേണം. ആദിവാസികളിലെ ആരോഗ്യക്കുറവുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കണം. കുഞ്ഞുങ്ങള്‍ മരിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതാണ് മറ്റൊരു ആവശ്യം.

Advertisement