തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഭൂമി തട്ടിപ്പ് സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനി ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും നിയമപരമായി അധികാരമുള്ളതിനെക്കാള്‍ പത്തിരട്ടിയിലധികം ഭൂമി കമ്പനിയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് വ്യക്തമായിരുന്നു.

അട്ടപ്പാടിയില്‍ വ്യാജരേഖകളിലൂടെ ആദിവാസി ഭൂമിയും വനഭൂമിയും കൈവശപ്പെടുത്തി കാറ്റാടി കമ്പനിക്ക് മറിച്ചു വിറ്റുവെന്നാണ് കേസ്. കോട്ടത്തറ വില്ലേജിലെ 1273,1274, 1275 സര്‍വേ നമ്പറുകളില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി ഭൂമി കൈവശപ്പെടുത്തിയത് വ്യാജരേഖകളിലൂടെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Subscribe Us:

കാറ്റാടി കമ്പനിയുടെ ലാന്‍ഡ് കണ്‍സല്‍റ്റന്റ് ബിനു എസ്. നായര്‍, കമ്പനിക്ക് ഭൂമി വിറ്റ അഹാഡ്‌സ് ഉദ്യോഗസ്ഥന്‍ പ്രേംഷമീര്‍, ഭൂമി ഇടപാടുകാരനായ ഷോളയൂരിലെ കെ. എസ്. ജോയ്, പ്രേംഷമീറിന് ഭൂമി നല്‍കിയ ശങ്കരനാരായണന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ശങ്കരനാരായണനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.