പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളെ ഉള്‍പ്പെടുത്തി നടത്തിയ ദേശീയ മേള ശ്രദ്ധേയമായി. ജസ്യൂട്ട് പാതിരിമാരുടെ നേതൃത്വത്തില്‍ ആദി'(അട്ടപ്പാടി ആദിവാസി ഡേവലപ്പ്‌മെന്റ് ഇനിഷ്യേറ്റിവ്) ന്റെ ആഭിമുഖ്യത്തിലാണ് മേള നടന്നത്.

അട്ടപ്പാടി ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനൊപ്പം ത്‌ന്നെ സ്വയം പര്യാപ്തതരാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരമൊരു മേള സംഘടിപ്പിച്ചത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ ആദിവാസി വിഭാഗങ്ങളുടെ തനത് കലാപരിപാടികള്‍ മേളയില്‍ അവതരിപ്പിച്ചു.

ആദിവാസികളുടെ കൃഷിയും ആരോഗ്യവും എന്ന വിഷയത്തില്‍ സെമിനാറും കഴിഞ്ഞ വര്‍ഷം മരിച്ച ആദിയുടെ ആദ്യ ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ സാബു മലയില്‍ അനുസ്മരണവും നടന്നു.

ആര്‍ട്ടിസ്റ്റ് റെഫിന്‍ കമലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ആദിവാസി ഗോത്ര തലവന്‍മാരുടെയും ജനപ്രതിനിധികളും ആക്ടിവിസ്ടുകളും വിദ്യര്‍ത്ഥികളും ഗവേഷകരുമടക്കം സമൂഹത്തിന്റെ വിവിധമേഖലകളില്‍ ഉള്ളവരുടെ പങ്കാളിത്വം പരിപാടിയെ സമ്പുഷ്ടമാക്കി.

ആദിവാസി വിഭാഗങ്ങളുടെ ആശങ്കരഹിതമായ ജീവിതവും, ആട്ടവും പാട്ടും ആഗോളവത്ക്കരണകാലത്തിന്റെ ഇരകളാകുന്ന പരിഷ്‌കൃതര്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക് മാതൃകയാണെന്ന് ആദി ഡയറക്ടറും ആദിവാസി കലകളുടെ ഗവേഷകനുമായ ഫാദര്‍ ലെനിന്‍ ആന്റണി പറഞ്ഞു.

സര്‍ക്കാര്‍ നേരിട്ടോ എന്‍ജികളോ നടത്തിയാല്‍ അമ്പത് ലക്ഷത്തിലതികം ചിലവഴിക്കാന്‍ കഴിയുന്ന പരിപാടിയാണ് നാട്ടുകാരുടെ സഹകരണത്തോടെ വെറും രണ്ടു ലക്ഷം രൂപ ചിലവില്‍ ആദി നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശെല്‍വന്‍ പിടമേളം, കോഓഡിനേറ്റര്‍ അഖില്‍, കണ്‍സിലര്‍ അശ്വതി എന്നിവര്‍ക്കൊപ്പം, സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുത്തവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു.