ലണ്ടന്‍: പഞ്ചാബില്‍ അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ച ഖലിസ്ഥാന്‍ തീവ്രവാദികളെ ഒഴിപ്പിക്കാന്‍ 1984ല്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയ റിട്ട. ലഫ്. ജനറല്‍ കെ. എസ്. ബ്രാറിനെ (78) വധിക്കാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

Ads By Google

അക്രമത്തിന് ഗൂഡാലോചന ചെയ്തവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ലണ്ടനില്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. നാല്‍പത് വയസ് പ്രായമുള്ള സ്ത്രീയുള്‍പ്പെട്ട സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇവരുടെ അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

78 കാരനായ ബ്രാറിനെ ഓള്‍ഡ് ക്യുബെക് സ്ട്രീറ്റിലെ ഹോട്ടലിന് മുന്നില്‍ വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ ക്രൂരാമയി കുത്തി പരിക്കേല്‍പ്പിച്ചത്. ഭാര്യയോടൊപ്പം സ്വകാര്യ സന്ദര്‍ശനത്തിത്തിന് ലണ്ടനില്‍ എത്തിയതായിരുന്നു അദ്ദേഹം.

28 വര്‍ഷം മുമ്പ് ജനറല്‍ ബ്രാറിന്റെ നേതൃത്വത്തില്‍ ഖാലിസ്താന്‍ ഭീകരര്‍ക്കെതിരെ നടത്തിയ സൈനീക നീക്കത്തിന്റെ പകപോക്കലാണ് അക്രമത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

ആക്രമണത്തിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണെന്ന് ബ്രാര്‍ ആരോപിച്ചിരുന്നു.

ഖലിസ്ഥാന്‍ രാജ്യം സ്ഥാപിക്കണമെന്ന ആവശ്യവുമായി സുവര്‍ണക്ഷേത്രത്തില്‍ താവളമടിച്ചിരുന്ന ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘത്തെ അവിടെ  നിന്ന്‌  തുരത്തിയ സൈനിക നടപടിക്കുശേഷം പല തീവ്രവാദി സംഘടനകളുടെയും നോട്ടപ്പുള്ളിയായിരുന്ന ബ്രാറിന് സെഡ് വിഭാഗത്തിലുള്ള സുരക്ഷ നല്‍കിയിരുന്നു.