കാബൂള്‍: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ കാബൂളിലെ ഓഫീസിലുണ്ടായ വെടിവയ്പില്‍ ഒരു ഓഫിസര്‍ മരിച്ചു. മറ്റൊരു യു.എസ് ഉദ്യോഗസ്ഥനു പരിക്കേറ്റിട്ടുമുണ്ട്. അഫ്ഗാന്‍ സ്വദേശിയായ ഓഫീസ് ജീവനക്കാരനാണു വെടിയുതിര്‍ത്തത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്ത് ഏറ്റവും സുരക്ഷിതമായ മേഖലയിലുള്ള സിഐഎ ഓഫിസിലാണ് വെടിവെയ്പ്പുണ്ടായത്. ഞായറാഴ്ച വൈകുന്നേരം അഫ്ഗാന്‍ സ്വദേശി പ്രകോപിതനായി പൊടുന്നനെ വെടിവെയ്ക്കുകയായിരുന്നു. അക്രമിക്ക് ആയുധം ഉപയോഗിക്കാന്‍ അനുമതിയില്ലായിരുന്നുവെന്നും അക്രമത്തിന് ഉപയോഗിച്ച തോക്ക് എങ്ങനെ അതീവസുരക്ഷയുള്ള ഓഫീസില്‍ കടത്തിയെന്നത് അന്വേഷണ വിധേയമാക്കുമെന്നും അമേരിക്കന്‍ എംബസി വക്താവ് ഗാവിന്‍ സണ്‍വാള്‍ അറിയിച്ചു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉന്നതര്‍ക്കുനേരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. യുഎസ് എംബസിയുടെ നേര്‍ക്ക് റോക്കറ്റാക്രമണം ഉണ്ടായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്. എംബസിയോടു ചേര്‍ന്നാണ് സിഐഎ ഓഫിസ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സുരക്ഷാകാരണങ്ങളാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും സണ്‍വാള്‍ അറിയിച്ചു.