മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെ അക്രമണം; 5പേര്‍ കൊല്ലപ്പെട്ടു
India
മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെ അക്രമണം; 5പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 7:00 pm

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭയിലേക്ക് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 17.4 ലക്ഷം വോട്ടര്‍മാരില്‍ 82 ശതമാനം വോട്ട് ചെയ്തതായാണ് വിവരം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.

മൂന്നു പോളിംഗ് ഉദ്യോഗസ്ഥരും ഒരു വോട്ടറും ഒരു സി.പി.ആര്‍.എഫുകാരനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ഒരു വോട്ടര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. അക്രമി സംഘത്തിലെ ഒരാള്‍ സി.പി.ആര്‍.എഫിന്റെ വെടിയേറ്റാണ് മരിച്ചത്. ചന്ദേല്‍ ജില്ലയിലെ സുഗ്നു മണ്ഡലത്തിലായിരുന്നു സംഭവം. ഉഖ്‌റൂല്‍ ജില്ലയില്‍ തിരഞ്ഞെടുപ്പിന് തലേദിവസം തീവ്രവാദികള്‍ രണ്ടു സി.പി.ആര്‍.എഫുകാരെ കൊലപ്പെടുത്തിയിരുന്നു.

350 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചതടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നു മണിവരെയായിരുന്നു പോളിംഗ്. മുഖ്യമന്ത്രി ഇബോബി സിംഗ്, മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എന്‍.ജി ബിജോയ്, വനംമന്ത്രി ദേബേന്ദ്ര തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടിയവരില്‍ ഉള്‍പ്പെടുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കമാണ് മണിപ്പുരിലേത്.  60 മണ്ഡലങ്ങളിലെ 279 സ്ഥാനാര്‍ഥികളാണ് രംഗത്ത്.

ജനുവരി 30നാണ് പഞ്ചാബ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഗോവയിലും വിധിയെഴുതുന്നതോടെ ഏഴുഘട്ടങ്ങളായുള്ള ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമാപിക്കും.

Malayalam News
Kerala News in English