തിരുവനന്തപുരം: തിരുവനന്തപുരം സി.എസ്.ഐ സഭയുടെ ആസ്ഥാനത്ത് എല്‍.എം.എസ് കോമ്പൗണ്ടില്‍ മാര്‍ച്ച് നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ഷലിന്റെ തലയ്ക്ക് പോലീസിന്റെ ലാത്തിയടിയേല്‍ക്കുകയായിരുന്നു.

കാരക്കോണം മെഡിക്കല്‍ കോളെജില്‍ തലവരിപ്പണം വാങ്ങിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത്കൃഷ്ണനെയും ക്യാമറാമാന്‍ അയ്യപ്പനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഒരു പോലീസുകാരനും ഒരു ഡി.സി.സിയംഗവും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്യാമറ പിടിച്ചെടുത്ത് ടേപ്പ് എടുത്തുമാറ്റി ക്യാമറ തകര്‍ക്കുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ചു പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സി.എസ്.ഐ ആസ്ഥാനത്ത് മാര്‍ച്ച് നടന്നിരുന്നു. സമാധാനമായി മാര്‍ച്ച് നടത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. ഇതിലാണ് മാര്‍ഷലിന് പരിക്കേറ്റത്.

അക്രമവുമായി ബന്ധപ്പെട്ട് എല്‍.എം.എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാര്‍ത്താ സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത ടേപ്പ് അഞ്ച് മണിക്ക് മുമ്പ് തിരികെ നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ റസലിയന്‍, എ.ആര്‍ ക്യാമ്പിലെ ജോണ്‍ എന്നിവരെ പോലീസ് സസ്‌പെന്റ് ചെയ്തു. ക്യാമറ തട്ടിയെടുത്ത സംഘത്തില്‍ റസലിയന്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.