കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ഉപരോധ സമരം വഴി ശ്രദ്ധേയയായ പാതിരിപ്പറ്റയിലെ വിനീത കോട്ടായി (55)യ്ക്കുനേരെ വീണ്ടും ആക്രമണമുണ്ടായതായി പരാതി. വീട്ടിലെ കുളിമുറിയില്‍ കയറി മുടി മുറിച്ചെടുക്കുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. വായില്‍ കറുത്ത നിറത്തിലുള്ള ഏതോ മിശ്രിതം പുരട്ടിയതോടെ ബോധരഹിതയായെന്നും വിനീത പരാതിയില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിനീതയിപ്പോള്‍.

Ads By Google

വിനീതയുടെ അയല്‍വാസിയും ഉപരോധ സമരം നടത്താന്‍ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ച കര്‍ഷകത്തൊഴിലാളിയുമായ ഇ.സി. ബാലന്റെ മകന്‍ രജീഷാണ് ഈ അതിക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് വിനീതയുടെ ആരോപണം. ഹൈക്കോടതിയില്‍ ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും പീഡനം തുടങ്ങിയിരിക്കുന്നതെന്നും ആശുപത്രിയില്‍ കഴിയുന്ന വിനീത പറഞ്ഞു.

Subscribe Us:

തന്നെ വധിക്കാന്‍ ശ്രമിച്ച  കേസില്‍ ഇ.സി. ബാലന്‍, ഭാര്യ നാരായണി, മകന്‍ രജീഷ്, ബന്ധു മോഹനന്‍ എന്നിവരെ കോടതി നാല് വര്‍ഷം തടവിനു ശിക്ഷിച്ചതാണെന്നും ഈ കേസിലെ അപ്പീല്‍ വിചാരണ തുടങ്ങാനിരിക്കേയാണ് കേസ് പിന്‍വലിക്കുകയോ അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് രജീഷ് വീട്ടിലെത്തിയതെന്നുമാണ് വിനീതയുടെ പരാതി.

ഇവര്‍ തന്റെ മൊബൈല്‍ ഫോണ്‍ അപഹരിച്ചിരുന്നു. അതിനാല്‍ ആരെയെങ്കിലും വിളിച്ചുവരുത്താനോ വിവരം അറിയിക്കാനോ കഴിഞ്ഞില്ല. അക്രമത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍, വിനീതയുടെ ആരോപണങ്ങള്‍ ഇ.സി ബാലന്‍ നിഷേധിച്ചിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണ് വിനീത പ്രചരിപ്പിക്കുന്നതെന്നും ഇതിന് അവര്‍ക്ക് സി.പി.ഐ.എമ്മിന്റെ ഒത്താശയുണ്ടെന്നും ഇ.സി. ബാലന്‍ പ്രതികരിച്ചു.

തന്റെ മകന്‍ ഗള്‍ഫില്‍ നിന്ന് ഈയിടെ അവധിക്കെത്തിയിട്ടുണ്ട്. അവനെതിരെ കള്ളക്കേസ് മെനയുകയാണ് വിനീതയുടെ ലക്ഷ്യമെന്നും സംഭവം നടന്നതായി പറയപ്പെടുന്ന സമയത്ത് നാട്ടുകാരന്റെ കൂടെ മകന്‍ കോഴിക്കോട്ടായിരുന്നെന്നും ബാലന്‍ പറഞ്ഞു.

വിനീതയുടെ മകന്‍ തങ്ങളുടെ സ്ഥലത്തെ ചെടികള്‍ വെട്ടിയതുമായി ബന്ധപ്പെട്ട് ഞായറാഴ്ച കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വിനീതയെ ആക്രമിച്ചതായി കേസുണ്ടാക്കാന്‍ ശ്രമം തുടങ്ങിയതെന്നും ബാലന്‍ കുറ്റപ്പെടുത്തി.

നേരത്തെ ഇ.സി. ബാലനുവേണ്ടി നിലകൊണ്ട സി.പി.ഐ.എം ഇടക്കാലത്ത് ബാലനെ തള്ളിപ്പറയുകയും വിനീതയുടെ സംരക്ഷണം   ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വിനീതയെത്തി ഹാരമണിയിച്ചിരുന്നു.

എന്നാല്‍, തന്റെ കാര്യങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നും താന്‍ പാര്‍ട്ടിയില്‍ ചേരുകയോ മറ്റോ ചെയ്തിട്ടില്ലെന്നും വിനീത ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.